വ്യാജരേഖ ചമച്ച എസ്എഫ്ഐ നേതാവ് വിദ്യയെ കളിയാക്കിയാണത്രേ സിപിഎം നേതാവ് പി.കെ.ശ്രീമതി ‘എന്നാലും എന്റ വിദ്യേ..’ എന്ന് ഫെയിസ് ബുക്കില്‍ കുറിച്ചത്. പക്ഷെ കുറിപ്പ് ചെന്നുകൊണ്ടത് എസ്എഫ്ഐക്കാണ്. അത്രമാത്രം ക്രമക്കേടുകളാണ് എസ്എഫഐയിലെ നേതാക്കന്മാര് മുതല്‍ താഴേക്കിടയിലെ കുട്ടി സഖാക്കള്‍വരെ കാലങ്ങളായി ചെയ്തുകൂട്ടിയത്. കേരളാ യൂണിവേഴ്സിറ്റിയിലെ വി.സി ഡോ. ജെ.വി.വിളനിലത്തിന്റെ സമരത്തിന് പിന്നാലെ പുറത്തുവന്ന പുത്തന്‍ കോപ്പിയടി തന്ത്രം മുതല്‍ പിഎസ്സി പരീക്ഷാ തട്ടിപ്പ്, എസ്എഫ്ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി, തെറ്റുകളുടെ പ്രബന്ധം, ഫെലോഷിപ്പ് തുക തട്ടിയെടുക്കല്‍, തെറ്റുകളെ എതിര്‍ക്കുന്ന അധ്യാപകരെ കൈകാര്യം ചെയ്യല്‍, മാര്‍ക്ക് ദാനം, ഒടുവില്‍ എഴുതാത്ത പരീക്ഷയ്ക്ക് ജയിപ്പിക്കല്, വ്യാജരേഖ…അങ്ങനെ നീളുന്നു ഇടതുവിവിദ്യാര്‍ത്ഥി സംഘത്തിന്റെ ക്രമക്കേടുകളുടെ പട്ടിക… എസ്എഫ്ഐ ആയാല്‍ എന്ത് വൃത്തികേടും നടത്താമെന്നാണത്രേ അര്‍ത്ഥം. എന്തും ചെയ്യാനുള്ള ദുസ്വാതന്ത്ര്യവും ആരെയും മാനിക്കാത്ത ജനാധിപത്യ വിരുദ്ധതയും സ്വന്തക്കാര്‍ക്കായുള്ള സോഷ്യലിസവും മാത്രമായി മാറിയിരിക്കുന്നു ഇന്ന് എസ്എഫ്ഐയുടെ മുദ്രാവാക്യം.
‘നരിമാന്’ എന്ന പോലീസ് സിനിമയില്‍ തന്റെ മേലധികാരിയായ ഫിലിപ്പോസിനോട് സുരേഷ്ഗോപിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട്…”വെറും കള്ളന് അഴുകിയാല്‍ പെരുംകള്ളനാകും…പെരുംകള്ളന്‍ അഴുകിയാല്‍ കൊള്ളക്കാരനാകും…കൊള്ളക്കാരന് ചീഞ്ഞുനാറിയാല്‍ ഫിലിപ്പോസാകും..ഫിലിപ്പോസായാല്‍ പിന്നെ എന്തും ആകാം…..” ഫിലിപ്പോസിന്റെ സ്ഥാനത്ത് എസ്എഫ്ഐ എന്നുമാറ്റി പറയേണ്ട അവസ്ഥയിലെത്തി സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന സഖാക്കളെ വാര്‍ത്തെടുക്കുന്ന ഫാക്ടറി.
ആ ഫാക്ടറിയുടെ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചുവെന്ന രേഖ പുറത്തുവന്നിരിക്കുന്നു. പിന്നാലെ മറ്റൊരു എസ്എഫ്ഐ നേതാവ് (മുന്‍ നേതാവ് എന്നാണ് പുതിയ ന്യായീകരണം) കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടി, മറ്റൊരിടത്ത് ജോലിക്ക് അപേക്ഷിച്ചു. പിഎച്ച്ഡിക്ക് അവസരം ലഭിച്ചതില്‍പോലും ക്രമക്കേട് ഉണ്ടെന്ന വിവരമാണ് ഒടുവില്‍ വരുന്നത്. ആര്‍ഷോ പരീക്ഷ എഴുതിയില്ലെന്ന് രാവിലെ രേഖ സഹിതം ഉറപ്പിച്ച് പറഞ്ഞ മഹാരാജാസ്കോളജ് പ്രിന്‍സിപ്പല്‍, വൈകിട്ടോടെ മലക്കം മറിഞ്ഞു. രാവിലത്തെ രേഖ ആവിയായി. എല്ലാം ആര്‍ഷോ പറഞ്ഞപോലെ ‘സാങ്കേതിക തകരാര്‍’ എന്ന ന്യായീകരണത്തിലായി പ്രിന്‍സിപ്പല്‍. എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമെന്നാണ് ഇടതു നേതാക്കളും മന്ത്രിമാരും ഒന്നടങ്കം ന്യായീകരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേയുമൊക്കെ ന്യായീകരണം കേള്‍ക്കുമ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്നും എസ്എഫ്ഐക്കെതിരെ പുറത്തു വരുന്ന ആദ്യത്തെ ക്രമക്കേടാണിതെന്ന് തോന്നും. ആ വിധത്തിലാണ് ന്യായീകരണതൊഴിലാളികള്‍ നിരന്നു നില്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എസ്എഫ്ഐയുടെ തുടക്കകാലം മുതലേ പരീക്ഷ വന്നാല്‍ കുട്ടിസഖാക്കള്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരാകും. അതിനൊരുദാഹരണം പറയാം. 1993ല്‍ എസ്എഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനം തിരുവന്തപുരത്ത് നടന്ന വര്‍ഷം. കെ.കരുണാകരന് സര്‍ക്കാരാണ് ഭരണത്തില്‍. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായി വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.ജെ.വി.വിളനിലം നിയമിതനായി. ഏതാനും ആഴ്ചകള്‍ കഴിഞ്ഞതേയുള്ളൂ, എസ്എഫ്ഐ വിളനിലത്തിനെതിരെ അതിശക്ത സമരം തുടങ്ങി. വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോള്‍ വിളനിലം നല്കിയ ബയോഡേറ്റയില്‍ അംഗീകാരമില്ലാത്ത ഒരു സര്‍വ്വകലാശാലയുടെ ഡിഗ്രി കൂടി ഉള്‍പ്പെടുത്തി എന്നും അതുകൊണ്ട് അദ്ദേഹം വി.സി സ്ഥാനത്തിന് അര്‍ഹനല്ല എന്നുമുള്ള ആരോപണം ഉയര്‍ത്തിക്കാട്ടിയായിരുന്നു സമരം.
ആ സമയം യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനായിരുന്നു സുനില്‍.സി. കുര്യന്. അദ്ദേഹത്തെ കൂടാതെ അന്നത്തെ എസ്എഫ്ഐ നേതാക്കളായ പ്രദീപ് കുമാര്‍, യു.പി.ജോസഫ്, ബി. സത്യന് അന്നത്തെ വിദ്യാര്‍ത്ഥി സിന്‍ഡിക്കേറ്റ് അംഗമായ കെ.എച്ച്.ബാബുജാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. യൂണിവേഴ്സിറ്റിക്ക് മുന്നില്‍ അതിശക്തമായ സമരം. തിരുവനന്തപുരം നഗരത്തില്‍ എസ്എഫ്ഐ വ്യാപകമായി അക്രമം നടത്തി. വി.സി ക്കെതിരായ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക് കൂട്ടായ്മ രംഗത്തെത്തി. കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കേരള സര്‍വ്വകലാശാലയുടെ തന്നെ മുന്‍ വി.സി ഡോ.സാമുവല്‍ മത്തായിയെയും സര്‍വ്വകലാശാലയുടെ രജിസ്ട്രാര്‍ ആയിരുന്ന പി. വിജയചന്ദ്രന്‍ നായരെയും എസ്എഫ്ഐക്കാര്‍ നന്നായി കൈകാര്യം ചെയ്തു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളെ വൈസ് ചാന്‍സലര്‍ പുറത്താക്കുകയും ചെയ്തു. ഇത് കരുണാകരന് സര്‍ക്കാരിനെതിരെയുള്ള സമരമാക്കി മാറ്റാനായിരുന്നു ഇടതുപക്ഷത്തിന്റെ നീക്കം. പക്ഷെ ഒരു സുപ്രഭാതത്തില്‍ സമരത്തിന് മുന്നില്‍ നിന്ന സുനില്‍.സി. കുര്യന് ഉള്‍പ്പടെയുള്ള എസ്എഫ്ഐ നേതാക്കളെ കാണാനില്ല. സമരം എങ്ങും എത്താതെ അവസാനിച്ചു. പിന്നാലെ സുനില്‍.സി.കുര്യന് ഉള്‍പ്പെടെയുള്ളവരെ ഡീബാര്‍ ചെയ്തു എന്ന വാര്‍ത്ത എത്തി. ഡീബാര്‍ ചെയ്ത കാര്യം അന്വേഷിച്ചതോടെയാണ് എസ്എഫ്ഐ നേതാക്കളായ പരീക്ഷാ ശാസ്ത്രഞ്ജരുടെ പുതിയ കണ്ടുപിടിത്തം പുറത്തുവന്നത്.
കോപ്പിയടിച്ചതിനെ തുടര്‍ന്ന് അവരെ പരീക്ഷയില്‍ നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്യുകയായിരുന്നു. സാധാരണ പേപ്പറില്‍ കുഞ്ഞായി എഴുതുകയോ, അടുത്തിരിക്കുന്നവന്റെ പേപ്പര്‍ നോക്കി എഴുതുകയോ, പുസ്തകം തുറന്നുവച്ച് എഴുതുകയോ ആയിരുന്നില്ല. കോപ്പിയടി കണ്ടുപിടിക്കാതിരിക്കാന്‍ പുതിയ തന്ത്രം രൂപപ്പെടുത്തി. ഇതിനായി സ്വാധീനം ഉപയോഗിച്ച് പരീക്ഷാ സെന്റര്‍ സംസ്കൃത കോളജിലേക്ക് മാറ്റി. എന്നിട്ട് ഓരോ ചോദ്യത്തിന്റെയും ഉത്തരം ഓരോ റൂമിലും ഉള്ള കുട്ടികളുടെ പേപ്പര്‍ നോക്കി എഴുതി. അതായത് ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ഒന്നാമത്തെ റൂമില്‍ എഴുതിയാല്‍, രണ്ടാമത്തെ ഉത്തരം മറ്റൊരു മുറിയിലെ മറ്റൊരുകുട്ടിയുടെ പേപ്പര്‍ നോക്കി എഴുതും. അധ്യാപക സഖാക്കള്‍ കണ്ണടച്ചതോടെ പരീക്ഷ എല്ലാം പുതിയ തന്ത്രത്തില്‍ എഴുതി.
പക്ഷെ ആരോ വിളനിലത്തിന് സംഭവം വിവരിച്ച് ഊമക്കത്തയച്ചു. സഖാക്കളുടെ പരീക്ഷാ പേപ്പറും സംസ്കൃതകോളജില്‍ പരീക്ഷ എഴുതിയ കുട്ടികളുടെയും പരീക്ഷാപേപ്പറുകളും വിളനിലം വരുത്തിച്ചു. ഓര്‍മ്മ ശക്തിയില്‍ പ്രഗത്ഭനായ വിളനിലം സഖാക്കളുടെ പുത്തന്‍ തന്ത്രം അടിമുടി കണ്ടെത്തി. തുടര്‍ന്നായിരുന്നു ഡീബാറു ചെയ്യല്‍. പിന്നെ സഖാക്കള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ പരീക്ഷ എഴുതാനായിട്ടില്ല. ഇതോടെ വിളനിലത്തിനെതിരെയുള്ള സമരവും അവസാനിച്ചു. പിന്നീടാണ് സമരത്തിന്റെ യഥാര്‍ത്ഥ കാര്യം പുറത്തുവന്നത്. സര്‍വകലാശാലയുടെ നിലവിലുള്ള മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുവാന്‍ ഉത്തരവിട്ടു. എകെജി സെന്ററിനോട് ചേര്‍ന്നുള്ള ഭൂമി സഹിതം അളക്കാനായിരുന്നു നിര്‍ദ്ദേശം. ഇതാണത്രേ കുട്ടി സഖാക്കളെ ചൊടിപ്പിച്ചത്. സമരം നടത്തിയതോടെ സഖാക്കളുടെ പരീക്ഷാതട്ടിപ്പുകൂടി പുറത്താവുകയായിരുന്നു.
ഇത് 30 വര്‍ഷങ്ങള്‍ക്ക് അപ്പുറമുളള സംഭവമാണെങ്കിലും അതേ തന്ത്രങ്ങളാണ് ഇന്നും അധ്യാപക സഖാക്കളുടെ സഹായത്തോടെ എസ്എഫ്ഐ നടത്തിവരുന്നത്. പരാതി ഉയരുമ്പോള്‍ അന്വേഷണം പ്രഖ്യാപിക്കും. ഇരുത്തം വന്ന സഖാക്കള്‍ക്ക് അന്വേഷണ സംഘത്തിന്റെ ചുമതല നല്‍കും. ഒടുവില്‍ ആര്‍ഷോയുടെ കാര്യത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ മലക്കം മറിഞ്ഞപോലെ എല്ലാം ‘സാങ്കേതിക തകരാറി’ല്‍ എത്തിനില്കും. കഴിഞ്ഞ ദിവസം ഒരു യുവജന നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞപോലെ സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നത് ‘സാങ്കേതിക തകരാര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ’ എന്ന് പറയേണ്ടിവരും.
(നാളെ: സര്‍വ്വകലാശാലകളിലെ അധ്യാപക അഭ്യാസങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: