പറവൂര്‍: നിഷ്കളങ്കമായ പെരുമാറ്റ ശൈലിയും തന്നെ സമീപിച്ച എല്ലാവരെയും സമഭാവനയോടെ കാണാനുള്ള മനസുമായിരുന്നു അന്തരിച്ച അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റേതെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ആലുവ തന്ത്ര വിദ്യാപീഠത്തില്‍ നടന്ന ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധവ്ജിയുടെ ആശയങ്ങള്‍ നടപ്പിലാക്കി സാമൂഹിക നവോദ്ധാനത്തില്‍ വിപ്ലവം സൃഷ്ടിച്ച താന്ത്രികാചാര്യനായിരുന്നു ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. സമര്‍പ്പിതമായ ഗുരുഭക്തിയും ശാസ്ത്രത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും അദ്ദേഹത്തെ ഉന്നതങ്ങളിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധവ്ജിയുടെ പേരിലുള്ള മാധവീയം പുരസ്്കാര സമര്‍പ്പണ ചടങ്ങ് സംവിധായകനും എഴുത്തുകാരനുമായ ശരത് എ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മാധവീയം പുരസ്കാരം സി. ചന്ദ്രശേഖരന് തന്ത്ര വിദ്യാപീഠം മുഖ്യ രക്ഷാധികാരി പി.ഇ.ബി മേനോനില്‍നിന്നു ഏറ്റുവാങ്ങി. എസ്എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി. രവിശങ്കര്‍ ആദരിച്ചു.
മുല്ലപ്പിള്ളി കൃഷ്ണന് നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ തന്ത്ര വിദ്യാപീഠം രക്ഷാധികാരി പ്രൊഫ. പി.എം. ഗോപി അധ്യക്ഷനായിരുന്നു. പി.ഇ.ബി മേനോന് വിളക്ക് കൊളുത്തി. സാമൂഹികസമരസത മുഖ്യ സംയോജകന്‍ വി.കെ. വിശ്വനാഥന് മാധവ്ജിയെ അനുസ്മരിച്ചു. എം.പി.എസ്. ശര്‍മ്മ, കല്‍പ്പുഴ കൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: