ലഖ്നൗ: അജയ് എന്ന ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തില്‍ ഏഴ് മക്കളില്‍ ഒരാളായി ജനിച്ച്, ഒന്നര മുറിയുള്ള ചെറിയ വീട്ടില്‍ വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ പുതിയ തലമുറയ്ക്ക് ഗ്രാഫിക്ക് നോവലിന്റെ രൂപത്തില്‍ എത്തുന്നു. ശന്തനു ഗുപ്ത എന്ന യുവ എഴുത്തുകാരനാണ് ഈ ഗ്രാഫിക് നോവലിന് പിന്നില്‍. കുട്ടികള്‍ക്ക് പ്രചോദനമേകാനാണ് യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലില്‍ ആവിഷ്കരിക്കുന്നതെന്ന് ശന്തനു ഗുപ്ത പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഈ ജീവിത കഥ അജയില്‍ നിന്നും യോഗി ആദിത്യനാഥിലേക്ക് (Ajay to Yogi Adityanath) എന്ന ഗ്രാഫിക് നോവലായി യോഗിയുടെ 51ാം ജന്മദിനത്തില് പ്രസിദ്ധീകരിച്ചത്.
അജയ് സിങ്ങ് ബിഷ്ഠ് എന്ന ഉത്തരാഖണ്ഡിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി എങ്ങിനെയാണ് യോഗി ആദിത്യനാഥ് എന്ന കരുത്തനായ മുഖ്യമന്ത്രിയായത് എന്ന കഥയാണ് ഈ ‘അജയ് ടു യോഗി ആദിത്യനാഥ്’ പറയുന്നത്. ഏഴ് മക്കളുള്ള സാധാരണ കുടുംബത്തിലെ ധീരനായ ആണ്‍കുട്ടി. അച്ഛന് ജൂനിയര്‍ ഫോറസ്റ്റ് ഓഫീസറായിരുന്നു. അമ്മ സാവിത്രി ദേവി എന്ന പ്രാരാബ്ധങ്ങളുള്ള വീട്ടമ്മ. വളര്‍ന്നു കൊണ്ടിരിയ്ക്കേ വീട്ടിലെ പശുക്കളെ വളര്‍ത്തുന്നതിലും സ്വാതന്ത്ര്യ സമരസേനാനികളുടെ കഥകള്‍ കേള്‍ക്കുന്നതിലും സ്കൂളിലെ പ്രസംഗമത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും എല്ലാം അജയിന് ഇഷ്ടമായിരുന്നു.
പഞ്ചൂര് എന്ന കുഗ്രാമത്തിലെ ഒന്നരമുറിയുള്ള ഒരു ചെറിയ വീട്ടിലാണ് അജയ് വളര്‍ന്നത്. ഈ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള അജയിന്റെ വളര്‍ച്ച അവിശ്വസനീയമാണ്. പിന്നീട് അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു പ്രധാന ക്ഷേത്രമായ ഗോരഖ്നാഥ് മഠത്തിന്റെ മുഖ്യപുരോഹിതന്‍(മഹന്ത്) ആയി അവരോധിക്കപ്പെട്ടു. ഈ പദവി പിന്നീട് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയിലേക്ക് വളരാന്‍ ചവിട്ടുപടിയായി. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ഒരു തവണയല്ല, തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായി.
ക്ഷമ, നിശ്ചയദാര്‍ഡ്യം, കഠിനാധ്വാനം എന്നീ ഗുണങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് ജീവിതവിജയത്തിലേക്ക് നടന്നുകയറിയത്. . അതുകൊണ്ട് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഈ കഥ വളരുന്നതിനുള്ള പ്രചോദനമാകും.
യോഗിയുടെ അച്ഛന് ആനന്ദ് സിങ്ങ് ബിഷ്ഠ്, അമ്മ സാവിത്രി ദേവി, പഞ്ചൂര് ഗ്രാമത്തിലെ കൂട്ടുകാര്‍, കോട്ദ്വാര്‍, ഋഷികേശ് കോളെജുകളിലെ കൂട്ടുകാരും അധ്യാപകരും എന്നിവരുടെ ഓര്‍മ്മകള്‍ ശേഖരിച്ചാണ് ഈ പുസ്തകമാക്കിയത്.
“സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്ന ഈ യാത്ര കാലാനുസൃതമായി വിവരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. വിജയം നേടുന്നതിനും വലിയ സ്വപ്നം കാണുന്നതിനും യോഗിയെപ്പോലെ മുഖ്യമന്ത്രി പോലും ആകുന്നതിനും കുട്ടികളെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഈ പുസ്തകത്തില്‍ യോഗി ആദിത്യനാഥിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്നത്” – പൊതുമരാമത്ത് മന്ത്രി ജിതിന് പ്രസാദ് പറഞ്ഞു.
തന്റെ വ്യക്തിത്വത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും അനന്യമായ സ്ഥാനം നേടിയ വ്യക്തിയാണ് യോഗിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറായ രാജേശ്വര് സിങ്ങ് പറയുന്നു. “കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും നല്‍കുന്നതിലും നല്ല ഭരണ നയങ്ങള്‍ നടപ്പാക്കുന്നതിലും അദ്ദേഹം യുവാക്കളുടെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തു”-യോഗിയെക്കുറിച്ച് രാജേശ്വര് സിങ്ങ് പറഞ്ഞു. പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജേശ്വര് സിങ്ങ്.
ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 51 സ്കൂളുകളിലെ 5000 വിദ്യാര്‍ത്ഥികള്‍ ഗ്രാഫിക് നോവലിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പുസ്തകം വിവിധ പ്രദേശങ്ങളില്‍ ഇത്രയ്ക്കധികം പങ്കാളിത്തത്തോടെ പുറത്തിറക്കുന്നത് ഏഷ്യയിലെ തന്നെ റെക്കോഡാണ്. അതുകൊണ്ട് ഈ ചടങ്ങ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: