ബെല്‍ഗ്രേഡ് : ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യയുടെ സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തവെയാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി സെര്‍ബിയയിലെത്തിയത്.
പരിപാടി ആരംഭിക്കും മുമ്പ്, ഒഡീഷയിലെ ബാലസോറില്‍ നടന്ന ദാരുണമായ ട്രെയിന്‍ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു.
ഇന്ത്യ വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. രാജ്യമെമ്പാടും പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലാണ് വരുന്നതെന്നും 2047 ഓടെ വികസിത രാജ്യമാകാനുള്ള ദിശയിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുകയാണ് ഇന്ത്യയെന്നും രാഷ്ട്രപതി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും ഉന്നതതല വ്യവസായ പ്രതിനിധികളും ഇന്ന് ബെല്‍ഗ്രേഡില്‍ യോഗം ചേരുന്നുണ്ട്. ഇന്ത്യന്‍ സംഘത്തില്‍ അസോചം, സിഐഐ, ഫിക്കി എന്നീ സംഘടനകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നു.ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ മേഖലകളിലുള്ള ബിസിനസും നിക്ഷേപവും വര്‍ദ്ധിക്കുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്നലെ സെര്‍ബിയയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നിക്കോള ടെസ്ല വിമാനത്താവളത്തില്‍ സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിച്ച് സ്വീകരിച്ചു. ഗാന്ധിജേവ സ്ട്രീറ്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
ഇന്ന്, ദ്രൗപദി മുര്‍മു സൈബീരിയന്‍ പ്രസിഡന്റ് വുസിക്കുമായി പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തും. മൂന്ന് ദിവസത്തെ സുരിനാം സന്ദര്‍ശനത്തിന് ശേഷമാണ് ദ്രൗപതി മുര്‍മു സെര്‍ബിയയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: