തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള മിമിക്രി താരം മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. കൊച്ചി അമൃത ആശുപത്രിയില്‍ ആണ് മഹേഷ് കുഞ്ഞുമോന് ചികിത്സയിലുള്ളത്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ ആണ് നടത്തുന്നത്. മഹേഷ് ആരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് മഹേഷിനും പരുക്കേറ്റത്.
നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോന്. ചുരുങ്ങിയ കാലയളവില്‍ അനേകം ആരാധകരെ സ്വന്തമാക്കിയ കലാകാരന് കൂടിയാണ് മഹേഷ്. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോന് അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയന്, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോന് അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്ക്ക് മഹേഷ് എത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു സുധിയും മഹേഷും അടങ്ങുന്നവര്‍ ഉള്‍പ്പെട്ട അപകടം. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്വൈഎസ്, സാന്ത്വനം, ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: