തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലക്ഷങ്ങള്‍ മുടക്കി കാലിത്തൊഴുത്ത് നിര്‍മാണത്തിന് ഒരുങ്ങുന്നു. നിര്‍മാണത്തിനായി ടെണ്ടര്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും വിദേശയാത്രകള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ഇത് കൂടി പുറത്തുവന്നിരിക്കുന്നത്.
ക്ലിഫ്ഹൗസില്‍ അരക്കോടിയോളം ചെലവഴിച്ചാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നത്. എന്നാല്‍ തകര്‍ന്ന മതില് നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ഇത് തെറ്റാണെന്നാണ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവ് സൂചിപ്പിക്കുന്നത്. 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുകയും കാലിത്തൊഴുത്ത് പുതിയതായി നിര്‍മിക്കുമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന് വീണ്ടും പണം അനുവദിച്ചതിന്റെ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ടും ആരോപണങ്ങളുണ്ട്. ഇതെല്ലാം നിലനില്‍ക്കേയാണ് അരക്കോടിയോളം മുടക്കി കാലിത്തൊഴുത്തും നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: