ഒഡിഷയിലെ ബാലസോറിലുണ്ടായ വന്‍ തീവണ്ടിയപകടത്തെ രാഷ്‌ട്രീയവല്‍ക്കരിച്ച് മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റപ്പെട്ടിരിക്കുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രംഗത്തുവന്ന കോണ്‍ഗ്രസ്സിനെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും പോലുള്ള കക്ഷികള്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ വലിയ പരിഭ്രാന്തിയിലായിരിക്കുകയാണ്. ദുരന്തസ്ഥലത്ത് നീണ്ട മുപ്പത്തിയാറ് മണിക്കൂറോളം തങ്ങി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ നേതൃത്വംകൊടുത്ത റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അതിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങിയശേഷമാണ് റെയില്‍വെ മന്ത്രി അവിടെനിന്നുപോയത്. സംഭവ സ്ഥലത്ത് എത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ട് ബോഗികള്‍ നിറയെ മൃതദേഹങ്ങളാണെന്നും 500 പേര്‍ മരിച്ചിട്ടുണ്ടാവുമെന്നും പറഞ്ഞ് ജനങ്ങളില്‍ ഭീതി പരത്താന്‍ ശ്രമിച്ചിരുന്നു. വസ്തുതാ വിരുദ്ധമായും വിവേകരഹിതമായും സംസാരിച്ച മമതയെ, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും 238പേരാണ് മരിച്ചിട്ടുള്ളതെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍വച്ചുതന്നെ അശ്വനി വൈഷ്ണവ് തിരുത്തുകയുണ്ടായി. സംഭവം നടന്നയുടന്‍ അവിടേക്ക് ഓടിക്കിതച്ചെത്തിയ മുന്‍ റെയില്‍വെ മന്ത്രി കൂടിയായ മമതാ ബാനര്‍ജി ഇനി എന്താണ് ചെയ്യേണ്ടതെന്ന് താന്‍ പറഞ്ഞുകൊടുക്കാമെന്നൊക്കെ വീരവാദം മുഴക്കുകയുണ്ടായി. ദുരന്തത്തിനുശേഷം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും, റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലും മറ്റും കേന്ദ്ര സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്നു വരുത്തിത്തീര്‍ക്കാനാണ് മമത ശ്രമിച്ചത്.
മമത റെയില്‍വെ മന്ത്രിയായിരുന്നപ്പോഴും ട്രെയിന്‍ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് മറന്നുകൊണ്ടാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും രംഗത്തുവരികയുണ്ടായി. ദുരന്തത്തിനുശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റെക്കോര്‍ഡ് വേഗത്തിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദുരന്തത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന നിഗമനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചിരിക്കുകയാണ്. ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും, ആരാണ് ഇതിന് ഉത്തരവാദിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നുമാണ് കരുതപ്പെടുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം നടന്ന സ്റ്റേഷനിലെ ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലിന് കാരണമെന്തെന്നും, ഇത് ഒരു അട്ടിമറിയാണോയെന്നുമൊക്കെ സിബിഐ അന്വേഷണത്തിലൂടെ വ്യക്തമാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അതിനെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തുവന്നത് പല സംശയങ്ങളും ജനിപ്പിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതില്‍ എന്തിനാണ് ഇങ്ങനെ പരിഭ്രാന്തികൊള്ളുന്നതെന്നു ചോദിച്ച് ബംഗാള്‍ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി രംഗത്തുവന്നിരിക്കുകയാണ്. ദുരന്തം അട്ടിമറിയാവാമെന്നും, തൃണമൂല്‍ കോണ്‍ഗ്രസ്സിന് അതില്‍ പങ്കുണ്ടാവുമെന്നും സുവേന്ദു ആരോപിച്ചിരിക്കുന്നു.
സുവേന്ദുവിന്റെ ആരോപണം ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. രണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്നതായി പറയപ്പെടുന്ന സംഭാഷണം ചോര്‍ത്തിയാണ് സംഭവത്തില്‍ റെയില്‍വെയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും വീഴ്ചയുണ്ടായെന്ന് വരുത്താന്‍ തൃണമൂല്‍ ശ്രമിച്ചത്. ബാലസോര്‍ ദുരന്തം ഒരു അട്ടിമറിയാണെങ്കില്‍ അതുമായി ഇത്തരം വിവരം ചോര്‍ത്തലിന് ബന്ധമുണ്ടാവും. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് റെയില്‍വെ മന്ത്രിയായിരുന്ന ലാലുപ്രസാദ് ഒരു കമ്മീഷണനെതന്നെ വച്ച് ഗോധ്രസംഭവം സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് വരുത്താന്‍ ശ്രമിച്ചത് വലിയ വിവാദമായതാണല്ലോ. ഇത്തരം ഗൂഢമായ നീക്കങ്ങള്‍ തൃണമൂലിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ബാലസോറിലുണ്ടായത് അപകടമാണെന്നും, അത് എന്തിനാണ് സിബിഐ അന്വേഷിക്കുന്നതെന്നും തൃണമൂല്‍ ചോദിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള അവരുടെ ആശങ്കയും പരിഭ്രാന്തിയും വ്യക്തമാണല്ലോ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷം വളര്‍ത്താനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനും പ്രതിപക്ഷം പല വഴികളും നോക്കുകയാണ്. മോദിയുടെ ഭരണംകൊണ്ട് വലിയ മാറ്റം സംഭവിച്ച മേഖലയാണ് റെയില്‍വെ. 60 വര്‍ഷംകൊണ്ട് ഉണ്ടാകാത്ത മാറ്റമാണ് ഒന്‍പത് വര്‍ഷത്തിനുള്ളില്‍ റെയില്‍വെയില്‍ സംഭവിച്ചത്. ഇത് മറച്ചുപിടിക്കാന്‍ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണോ ബാലസോറിലെ ട്രെയിന്‍ ദുരന്തമെന്ന് കണ്ടെത്തുക തന്നെ വേണം. സിബിഐ അന്വേഷണത്തിലൂടെ കറുത്തകൈകള്‍ പുറത്തുവരട്ടെ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: