കെന്നിങ്ടണ്‍ ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി ഒരു ദിനം മാത്രം. നാളെ ഇംഗ്ലണ്ടിലെ പ്രാദേശിക സമയം രാവിലെ 11മുതലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന്. രണ്ടാം വട്ടം കിരീടപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യ മാത്രം അതേപടി നില്ക്കുന്നു. മറ്റ് പല കാര്യങ്ങളിലും രണ്ട് വര്‍ഷം മുമ്പ് ഇന്ത്യ കണ്ട ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും മാറിയിട്ടുണ്ട്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഇന്ത്യയെ നയിച്ചത് വിരാട് കോഹ്ലിയാണ്. ഇന്ത്യന്‍ ക്യാമ്പിനെ പരിശീലിപ്പിച്ചിരുന്നത് രവി ശാസ്ത്രിയായിരുന്നു. ഇക്കുറി ഇന്ത്യയെന്ന പേര് അതേപടി നിലനില്ക്കുന്നു, ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രധാനമായും എതിരാളികള്‍. ന്യൂസിലാന്‍ഡിന്റെ സ്ഥാനത്ത് പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയ ആണ്. ഇന്ത്യയെ അന്ന് നയിച്ച കോഹ്ലി ടീമിലുണ്ട്. പക്ഷെ നായകനല്ല. ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ്.
21ല്‍ ബോളിങ് ഡിപ്പാര്‍ട്ട്മെന്റിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ജസ്പ്രീത് സിങ് ബുംറ ഉണ്ടായിരുന്നു. ഇക്കുറി ബുംറയെ പരിക്ക് തടഞ്ഞുനിര്‍ത്തി. പകരം, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നനായ ഉമേഷ് യാദവും ഉണ്ട്.
ഇംഗ്ലണ്ടിലെ പ്രത്യേകിച്ച് ഓവലിലെ ടെസ്റ്റില്‍ പേസ് ബോളര്‍മാര്‍ മുതല്‍കൂട്ടാണ്. ആ നിലയ്ക്കാണ് ബുംറയുടെ അസാന്നിധ്യം വലിയ തിരിച്ചടിയാകുന്നത്. ഓസ്ട്രേലിയക്ക് ജോഷ് ഹെയ്സല്‍വുഡിനെ പരിക്ക് കാരണം കഴിഞ്ഞ ദിവസം നഷ്ടമായിക്കഴിഞ്ഞു. എങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നീ നിരകള്‍ ഒത്തുചേരുമ്പോള്‍ നല്ല ശക്തരാണ്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ടെസ്റ്റ് ഫൈനലിനെ കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് – ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിങ്ങിന് വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ നായകന് പ്രകടിപ്പിച്ച ഈ ഉത്കണ്ഠയില്‍ കരുതല്‍ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ ഈ പറച്ചില്.
ഈ മാസം 16ന് തുടങ്ങാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് കൂടിയുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. അവര്‍ ലോക പോരാട്ടത്തേക്കാള്‍ മതിപ്പ് കാണുന്നത് ആഷസിലാണ്. എന്നാല്‍ എത്ര നിസ്സാരപ്പെട്ട മത്സരം പോലും ലാഘവത്തോടെ കാണുന്നവരല്ലെ ഓസീസ്. ടെസ്റ്റ് ക്രിക്കറ്റിനെ വലിയ ഗൗരവത്തോടെ കാണുന്നവരുമാണ് ഓസ്ട്രേലിയ. ക്രിക്കറ്റില്‍ പ്രൊഫഷണലിസം കൊണ്ടുവന്നതാണ് ഓസീസ് പാരമ്പര്യം.
ടെസ്റ്റിന്റെ നിലനില്പ്പില് ആശങ്ക പങ്കുവച്ച് സ്മിത്ത്
കെന്നിങ്ടണ്‍ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക തുറന്ന് പങ്കുവച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത്. ഇന്നലെ പരിശീലനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം തന്റെ ആശങ്ക മറയില്ലാതെ പങ്കുവച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള ടീമുകള്‍ മാത്രമേ ഗൗരവത്തിലെടുക്കുന്നുള്ളൂ. മറ്റ് ചെറു രാജ്യങ്ങളെല്ലാം ടെസ്റ്റിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാന്‍ തയ്യാറാകുന്നില്ല. എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സ്മിത്തിന്റെ അഭിപ്രായപ്രകടനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് താരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കേണ്ടതുണ്ട് വളരെ നന്നനിലയില്, ഇപ്പോള്‍ അതിനുള്ള നല്ല അവസ്ഥയുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ പല രാജ്യങ്ങളും ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്ന ആകര്ഷകത്വത്തിലേക്ക് മറയുകയാണ്. ധാരാളം പണം ലഭിക്കുമെന്നതിനാലാണ് താരങ്ങള്‍ ഇതിന്റെ സമ്മര്ദ്ദത്തില്പ്പെട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് അതിന്റെ സൗന്ദര്യം ചോരാതെ നിലനില്‍ക്കുന്നതിന് ടെസ്റ്റ് നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: