ന്യൂദല്‍ഹി: ബിജെപി എംപിയും രാജ്യത്തെ ഗുസ്തി ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ച ഇന്ത്യയുടെ മുന്‍നിര ഗുസ്തി താരം സാക്ഷി മാലിക് അടക്കം താരങ്ങള്‍ തങ്ങളുടെ ജോലി പുനരാരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമരമുഖത്തുള്ള ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. അതേസമയം, താന്‍ സമരം അവസാനിപ്പിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. ഉത്തരവാദിത്വം നിറവേറ്റാനാണ് ജോലിക്ക് കയറുന്നതെന്ന് സാക്ഷി ട്വീറ്റ് ചെയ്തു.
ദേശീയമാധ്യമം നല്‍കിയ വാര്‍ത്ത തീര്‍ത്തും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല, ഞങ്ങളും പിന്മാറിയിട്ടില്ല. സമരത്തോടൊപ്പം റെയില്‍വേയിലെ എന്റെ ഉത്തരവാദിത്തവും ഞാന്‍ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സാക്ഷി ട്വീറ്റ് ചെയ്തു. സമരമുഖത്തുള്ള ബജ്‌റങ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്.
ഗുസ്തി താരങ്ങള്‍ ശനിയാഴ്ച വൈകുന്നേരം ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തിക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിഷയത്തില്‍ അനുകൂലമായ നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്. താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചതോടെ ഗുസ്തി താരങ്ങളുടെ സമരം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടത്തുന്നതിനിടെയാണ് താരങ്ങളുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: