ഞായറാഴ്ച ഉച്ചവരെ ഒഡീഷയിലെ ബാലാസോര്‍ തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 275. അതിന്റെയും ഇരട്ടിയിലധികമാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍. ബാലാസോര്‍ പരിസരം ഇരുമ്പുകൂമ്പാരം പോലെയായി. രക്തത്തില്‍ കുളിച്ച റെയില്‍ പാളങ്ങള്‍, ഉറ്റവരെ തേടുന്ന ബന്ധുക്കള്‍. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ പരിക്കേറ്റവരെ നോക്കുമ്പോള്‍ മരണസംഖ്യ ഏറുമോ എന്ന ഭീതിയുണ്ട്.
ആശുപത്രികളിലെ മോര്‍ച്ചറികളിലും മറ്റും മരിച്ചുകിടക്കുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് ഗുരുതരവിഷയമാണ്. മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു. തിരിച്ചറിയാന്‍ കഴിയമോ എന്ന് നോക്കി തിരിയുന്നവരുടെ തിരക്കാണ് ദയനീയം. പരിക്കേറ്റവരെ സഹായിക്കാനും രക്തദാനം നടത്താനും എത്തിയവരുടെ തിരക്കാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. ദുരന്തത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരും അക്കൂട്ടത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ഇവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 170 കിലോമീറ്റര്‍ വടക്കാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായ ബാലാസോര്‍. ഷാലിമാര്‍-ചെന്നെ കൊറോമാന്‍ഡല്‍ എക്‌സ്പ്രസും ബെംഗളൂരു-ഹൗറ എക്‌സ്പ്രസും ചരക്കുവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വണ്ടികളുടെ അമിതവേഗമല്ല അപകടകാരണമെന്ന് വ്യക്തമായിട്ടുണ്ട്. സിഗ്നല്‍ നല്‍കിയതിലെ അപാകതയാണ് മുഖ്യകാരണമെന്ന് ഏതാണ്ട് ഉറപ്പായി. അതിന് ഉത്തരവാദികള്‍ ആരായാലും കടുത്തശിക്ഷ തന്നെ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടതായി പറഞ്ഞ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, ഉടന്‍ നടപടികളിലേക്ക് നീങ്ങുമെന്നറിയിച്ചു. കരുതലും കാര്യക്ഷമതയും മൂലം അടുത്തകാലത്തായി തീവണ്ടി അപകടങ്ങള്‍ നന്നായി കുറഞ്ഞിട്ടുണ്ട്. അടുത്തിടെയൊന്നും ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടില്ല.
റെയില്‍വെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനവും പരിഷ്‌കരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള നവീകരണം. വിദേശ രാജ്യങ്ങളിലേക്ക് ട്രാക്കുകളും കോച്ചുകളും കൈമാറ്റം ചെയ്യുന്നത്. റെയില്‍വെ സ്റ്റേഷന്‍ നവീകരണം ഇതുപോലുള്ള ഒട്ടനവധി കാര്യങ്ങളിലേക്ക് കടന്ന് വരുമാനം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനി
ടയിലുണ്ടാകുന്ന അപകടങ്ങളുണ്ടാക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും ചില്ലറയല്ല. അതിനിടയില്‍ നിന്നും കരകയറാന്‍ അക്ഷീണ പരിശ്രമം നടത്തുകയാണ് മുന്‍ ബാലാസോര്‍ കളക്ടര്‍ കൂടിയായ റെയില്‍ മന്ത്രി. ഇതിനിടയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവര്‍ കാട്ടുന്നത് അല്പത്തരമാണെന്നേ പറയാനൊക്കൂ.
കാര്യക്ഷമത കൂടുന്നതോടൊപ്പം പുതിയ വണ്ടികള്‍ ഏര്‍പ്പെടുത്തി റെയില്‍വെയെ ആധുനികവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് കേന്ദ്രം. വന്ദേഭാരത് ട്രെയിന്‍ അടക്കം പുതിയ സംവിധാനങ്ങള്‍ അതിന്റെ ഭാഗമാണ്. ആധുനികവല്‍ക്കരണവും വന്‍വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നതിനിടയില്‍ സംഭവിച്ച തീവണ്ടി അപകടം അത്യന്തം ഗുരുതരമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങളും ചര്‍ച്ചകളും പ്രധാനപ്പെട്ടതുതന്നെയാണ്. അട്ടിമറികളുണ്ടോ എന്ന് കണ്ടെത്താനുള്ള തീവ്രശ്രമം അന്വേഷണത്തിലുണ്ടാകും. സംഭവം സിബിഐ അന്വേഷണത്തിലേക്കാണ് നീങ്ങുന്നത്.
തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ റെയില്‍പാളത്തില്‍ സ്ഥാപിക്കുന്ന സംവിധാനമാണ് ‘കവച്’. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനം വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിഗ്നല്‍ മറികടന്ന് കടന്നുപോകുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. അപകടകരമായി സിഗ്നലിനെ മറികടക്കുന്നതും അമിതവേഗം ഒഴിവാക്കാന്‍ ലോക്കോ പൈലറ്റിനെ സഹായിക്കുന്നതാണ് കവച്. ഇപ്പോള്‍ അപകടം നടന്ന മേഖല കവചിന്റെ പരിരക്ഷയില്ലാത്ത സ്ഥലത്താണ്.
രാജ്യത്തിന്റെ ജീവനാഡിയാണ് റെയില്‍വെ. ഇരുപതിനായിരത്തോളം തീവണ്ടികളിലായി പ്രതിദിനം രണ്ടുകോടിയോളം പേര്‍ യാത്ര ചെയ്യുന്നു. ഇതിനിടയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മാനുഷികമായാലും യാന്ത്രികമായാലും അത്യന്തം സങ്കടകരമാണ്. പ്രതീക്ഷാനിര്‍ഭരമായ യാത്രക്കിടയില്‍ ചൂളംവിളിച്ചെത്തുന്ന ദുരന്തങ്ങള്‍ ഉണ്ടാകാനേ പാടില്ല. അതൊഴിവാക്കാന്‍ സത്വരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: