തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുളള നിര്‍മ്മിത ബുദ്ധി ക്യാമറകളിലൂടെ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴയീടാക്കി തുടങ്ങും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരായ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികളുടെ കാര്യത്തില്‍ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം വരും വരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുളളത്.
ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെയാളായി കുട്ടികളുമായുള്ള യാത്ര സംബന്ധിച്ച് അയച്ച കത്തിന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു.നിയമങ്ങള്‍ മനുഷ്യനു വേണ്ടിയുളളതാണ്. അത് കണക്കലെടുത്താകും തീരുമാനമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 8 മണി മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഇടാക്കുന്നത്. പ്രവര്‍ത്തനസജ്ജമായ 692 ക്യാമറകളാണുളളത്.34 ക്യാമറകള്‍ കൂടി സജ്ജമാക്കേണ്ടതുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനമാണ് കേരളത്തിന്. തിരുവനന്തപുരം എറണാകുളം തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ . സംസ്ഥാനത്ത് ദിവസവും 12 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: