കെന്നിങ്ടണ്‍ ഓവല്‍: ഇന്നേക്ക് മൂന്നാം നാള് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിന്റെ രണ്ടാം ഫൈനല്‍. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ ദി ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മാസം മുമ്പ് ഇന്ത്യയിലെത്തി പരമ്പര തോറ്റ് തിരിച്ചുപോയതിന്റെ വേദന ഓസ്ട്രേലിയക്കുണ്ട്. ഞെങ്ങിഞെരുങ്ങി ഒരുവിധത്തില്‍ ഫൈനലില്‍ പറ്റിക്കൂടാന്‍ മാത്രം സാധിച്ചതിന്റെ പ്രയാസം ഇന്ത്യയ്ക്കും. ഇരുപക്ഷത്തെയും മേന്മകളെന്നപോലെ പോരായ്മകളെ നല്ലപോലെ നോവിക്കാന്‍ കെല്പുള്ള കളിക്കാര്‍ കൂടെയുണ്ട്. അവരില്‍ നിന്നും മുമ്പത്തെ മത്സരങ്ങളില്‍ നേരിട്ട ചൂടന്‍ പ്രഹരങ്ങളുടെ അനുഭവമാണ് ഇരുപക്ഷക്കാര്‍ക്കും പ്രതീക്ഷ പകരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഓസ്ട്രേലിയയെ സ്പിന്നിന് അനുകൂലമായ പിച്ചുകളൊരുക്കി ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തി. രണ്ട് വര്‍ഷം മുമ്പ് ടീം ഇന്ത്യ ഓസ്ട്രേലിയയിലെത്തി നേടിയ പരമ്പരയ്ക്ക് പകരം ചോദിക്കാന്‍ ഓസ്ട്രേലിയക്ക് കിട്ടിയ അവസരമാണ് 2-1ന് പൊലിഞ്ഞുപോയത്. ഇക്കൊല്ലം ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് 13വരെ നാല് ടെസ്റ്റുകളാണ് ഓസ്ട്രേലിയ കളിച്ചത്. പരമ്പര 4-0ന് ജയിക്കാന്‍ പാകത്തില്‍ സ്പിന്നിനനുകൂലമായ പിച്ചുകളൊരുക്കിയ ഇന്ത്യക്കാര്‍ വിചാരിച്ചപോലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ചു. മൂന്നാം ടെസ്റ്റില്‍ നഥാന്‍ ലിയോണ്‍ എന്ന സ്പിന്ബോളര്ക്ക് മുന്നില്‍ ഇന്ത്യക്കാരും കുരുങ്ങി. ഇന്ത്യ ജയിച്ച അതേ മാര്‍ഗത്തില്‍ ഓസ്ട്രേലിയ കളിപിടിച്ചു. അതിനൊരു പകരംവീട്ടലിന് കിട്ടിയ നാലാം ടെസ്റ്റ് സമനിലയില്കലാശിച്ചു. മോശം പിച്ചൊരുക്കിയതിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ വലിയ കുറ്റപ്പെടുത്തലുകള്‍ ഇന്ത്യക്കു നേരെ അന്ന് വന്നു. അതിനെല്ലാറ്റിനും മീതെ പരമ്പര 2-1ന് നേടിക്കൊണ്ട് വിമര്‍ശനങ്ങളെല്ലാം മറന്നു. പരമ്പരനേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലും തുറന്നു.
അന്ന് ഇന്ത്യക്കാരെ കുത്തിനോവിച്ചവരെ നോക്കി പകരംചോദിക്കാന്‍ കിട്ടുന്ന അവസരമാണ് ഈ വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. അതിലേക്കെത്തുമ്പോള് ഇന്ത്യയ്ക്ക് പരിക്കിന്റേ പേരില്‍ ജസ്പ്രീത് സിങ് ബുംറ എന്ന ബോളര്‍, ഋഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പര്‍, കെ.എല്‍. രാഹുല്‍ എന്ന ബാറ്റര്‍ എന്നിവരുടെ കുറവുകളുണ്ട്. പക്ഷെ ഉള്ളവരെ വച്ച് കടുത്ത വെല്ലുവിളി ഉയര്‍ത്താനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: