ന്യൂദല്‍ഹി : തുവരപ്പരിപ്പിന്റെയും ഉഴുന്ന് പരിപ്പിന്റെയും പൂഴ്ത്തിവയ്പ്പും ഊഹക്കച്ചവടവും തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനും ഇവയുടെ സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വന്‍കിട ശ്രംഖലകള്ക്കും ഇവ സംഭരിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മില്ലുകള്‍ക്കും ഇറക്കുമതിക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. ലൈസന്‍സ് അവശ്യങ്ങള്‍, ശേഖരണ പരിധി, പ്രത്യേക ഭക്ഷ്യസാധനങ്ങളുടെ നീക്കത്തിനുളള നിയന്ത്രണം (ഭേദഗതി) ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെയാണ് പുറത്തിറക്കിയത്.
ഈ ഉത്തരവിന് കീഴില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും തുവരപ്പരിപ്പിന്റെയും ഉഴുന്നുപരിപ്പിന്റെയും സംഭരണ പരിധി 2023 ഒക്ടോബര്‍ 31 വരെ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഇനത്തിനും ബാധകമായ സംഭരണപരിധി മൊത്തക്കച്ചവടക്കാര്‍ക്ക് 200 മെട്രിക് ടണ്‍ ആയിരിക്കും; ചില്ലറ വ്യാപാരികള്‍ക്ക് 5 മെട്രിക് ടണ്‍; വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് ഓരോ റീട്ടെയില്‍ ഔട്ട്ലെറ്റിലും 5 മെട്രിക് ടണ്ണും ഡിപ്പോയില്‍ 200 മെട്രിക് ടണ്ണും സംഭരിക്കാം. മില്ലുകാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തെ ഉല്‍പ്പാദനം അല്ലെങ്കില്‍ വാര്‍ഷിക സ്ഥാപിത ശേഷിയുടെ 25 ശതമാനം ഏതാണ് കൂടുതല്‍ അത്രയും സംഭരിക്കാം. ഇറക്കുമതിക്കാരെ സംബന്ധിച്ചിടത്തോളം, കസ്റ്റംസ് ക്ലിയറന്‍സ് തീയതി മുതല്‍ 30 ദിവസത്തിനപ്പുറം ഇറക്കുമതി ചെയ്ത ചരക്ക് കൈവശം വയ്ക്കരുത്.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉപഭോക്തൃ കാര്യ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://fcainfoweb.nic.in/psp) സ്റ്റോക്ക് രേഖപ്പെടുത്തണം. കൂടാതെ അവരുടെ കൈവശമുള്ള സ്റ്റോക്കുകള്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, അവര്‍ അത് 30 ദിവസത്തിനുള്ളില്‍ നിശ്ചിത പരിധിയിലേക്ക് കൊണ്ടുവരണം.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പരിധി ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: