കേരളത്തില്‍ സാമ്പത്തിക ഞെരുക്കം എന്നതിന് ഒരു പുതുമയുമില്ല. സാമ്പത്തിക ഞെരുക്കമാണെന്ന് കരുതി ഭരണക്കാരുടെ ധൂര്‍ത്തിന് എന്നെങ്കിലും എന്തെങ്കിലും കുറവുണ്ടോ? അതൊട്ടില്ല താനും. നിയമസഭാംഗങ്ങളുടെ പത്തുശതമാനമേ മന്ത്രിമാരുണ്ടാകാവൂ എന്നാണ് നിബന്ധന. അങ്ങിനെയാണ് ഏറെക്കാലം കേരളത്തിലെ മന്ത്രിമാരുടെ എണ്ണം 14 ആയി കണ്ടത്. അതൊക്കെ മാറിമറിഞ്ഞു. ഇന്നിപ്പോള്‍ മന്ത്രിമാര്‍ ഇരുപതാണോ ഇരുപത്തൊന്നാണോ എന്നതാണ് സംശയം. ചീഫ് വിപ്പ് എന്നൊരു പദവിയുണ്ടല്ലോ. മന്ത്രിയുടെ പദവിയും പരിവാരങ്ങളുമെല്ലാമാകുമ്പോള്‍ അത് 21 ആയി.
ഇരുപത്തൊന്നുപേര്‍ക്കുമുള്ള ചെല്ലും ചെലവും പണ്ടത്തെ പോലെയാണോ? ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പകിട്ടും പത്രാസുമാണോ ഇന്നത്തെ മുഖ്യമന്ത്രിക്ക്. അന്ന് മുഖ്യമന്ത്രിക്ക് ഒരു അംബാസിഡര്‍ കാര്‍. ഒപ്പം പോകാന്‍ ഒരു പോലീസ് ജീപ്പ്. ഇന്നോ? എന്റെമ്പമ്പോ. പ്രധാനമന്ത്രിയേക്കാളും പത്രാസിലല്ലെ മുഖ്യമന്ത്രിയുടെ യാത്ര. പത്തു പതിനഞ്ച് വണ്ടികള്‍. പോകുന്ന വഴിക്കെല്ലാം പോലീസ് പാറാവ്. കാലത്തിനൊത്ത മാറ്റമെന്നാശ്വസിക്കാം. എന്നാലും ഇന്നത്തെ വമ്പ് കുറച്ചുകൂടുതല്‍ തന്നെയെന്ന് ആരും സമ്മതിക്കും. എനിക്ക് പോലീസ് എസ്‌കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞ മന്ത്രിമാരുണ്ടായിരുന്ന സംസ്ഥാനമാണിത്. എസ്‌കോര്‍ട്ടും പൈലറ്റുമില്ലാതെ കാറില്‍ കയറാന്‍ പോലും മടിക്കുന്ന മന്ത്രിമാരുള്ള കാലമാണിത്. കാലം മാറിയ മാറ്റം ഒന്നുസമ്മതിച്ചുകൊടുത്തേ പറ്റൂ.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരു തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയതാണ്. 14 മന്ത്രിമാര്‍ക്കും ഓരോ കസേര മാറ്റിവാങ്ങാനുള്ളതാണ് തീരുമാനം. അന്ന് ഒരു കസേരക്ക് വില 5,000 രൂപ. അമ്പമ്പോ ഇതെന്ത് കഥ എന്നാവര്‍ത്തിച്ചുചോദിച്ചു. അതിനുശേഷമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ ജില്ലകള്‍തോറും യേശുദാസിന്റെ ഗാനമേള സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. അന്ന് 11 ജില്ലകളേ ഉണ്ടായിരുന്നുള്ളൂ. 11 ഗാനമേളകള്‍ സംഘടിപ്പിച്ച് ധനസമാഹരണം നടത്താനുള്ള തീരുമാനത്തിനെതിരെയും കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ‘പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍ പോരെ’ എന്ന മുദ്രാവാക്യമുയര്‍ന്നത് അന്നാണ്.
അതൊക്കെ പഴയകഥ. പുതിയതാണ് ഏറെ ആശ്ചര്യകരവും അത്ഭുതമുളവാക്കുന്നതും. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് വേദി ഉയരും മുന്‍പ് വിവാദം ഉയര്‍ന്നുപൊങ്ങി. സംഘാടക സമിതി ഉണ്ടാക്കിയ പണപ്പിരിവ് പ്രോജക്ടാണ് ഏറെ രസകരം. അതൊക്കെ അമേരിക്കന്‍ രീതിയെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്റെ വാദം. അമേരിക്കന്‍ രീതിയോട് ഇണങ്ങിയും ഇഴചേര്‍ന്നും പോകുന്ന രീതിയിലേക്ക് സിപിഎമ്മുകാര്‍ വളര്‍ന്നിരിക്കുന്നു എന്നുപറഞ്ഞാല്‍ മതിയല്ലോ. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കുന്നവരെ മൂന്നു തട്ടായി തിരിച്ചിരിക്കുന്നു. ഒപ്പമിരിക്കാനും ഭക്ഷണം കഴിക്കാനും താമസിക്കാനുമെല്ലാമായി 100 ഡോളര്‍. അതായത് 82 ലക്ഷം രൂപ. താരനിശ സംഘടിപ്പിക്കുന്ന രീതിയില്‍ ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് തരംതിരിവ്. ഈ അമേരിക്കന്‍ തമാശയ്‌ക്കെതിരെ സര്‍വമേഖലയില്‍ നിന്നും വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നെന്ന ആക്ഷേപം ഒഴിവാക്കാനാണു സ്‌പോണ്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതെന്നാണ് ശ്രീരാമകൃഷ്ണന്റെ ന്യായീകരണം. നടത്തിപ്പിനു പ്രാദേശിക സംഘാടകസമിതിയാണു നേതൃത്വം നല്‍കുന്നത്. അവരാണു സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനം നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. സംഘാടകസമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടും. മുഖ്യമന്ത്രിയെ ആര്‍ക്കും കാണാമെന്നും അതിനു പണം മാനദണ്ഡമല്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അറിവോടെ അവിടെ തെറ്റായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിശദീകരണം. അഥവാ തെറ്റായ കാര്യങ്ങള്‍ നടന്നെങ്കില്‍ അത് സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് പറഞ്ഞാല്‍ മതിയല്ലൊ.
കേരളത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണു ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമെന്തെന്നു കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോകകേരളസഭ മാറിയിരിക്കുകയാണ്. ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന്‍ മാത്രം തന്റെ ഒപ്പമിരുന്നാല്‍ മതിയെന്നും പണമില്ലാത്തവന്‍ ഗേറ്റിനു പുറത്തെന്നുമുള്ള സന്ദേശമാണു നല്‍കുന്നത്. കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിന് അനുമതി നല്‍കിയതാരെന്ന് അന്വേഷിക്കണമെന്നുമാണ് സതീശന്റെ പക്ഷം.
അനധികൃതപണപ്പിരിവാണ് മുഖ്യമന്ത്രി അമേരിക്കയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കുറ്റപ്പെടുത്തല്‍. ഇത് കേരളത്തെ അപമാനിക്കാനാണ്. കമ്യൂണിസത്തിന്റെ ജീര്‍ണതയാണ് മുഖ്യമന്ത്രിയുടെ നിലപാട് തുറന്നുകാണിക്കുന്നത്. ഇതിനെ ന്യായീകരിക്കാന്‍ സിപിഎമ്മും എ.കെ.ബാലനും എത്രശമിച്ചാലും വിലപ്പോകില്ല. ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തെറ്റില്ലെന്നാണ് എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടത്. പ്രവാസി മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനല്ല 82 ലക്ഷമെന്നും പ്രചാരണം അസംബന്ധമെന്നും ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഒരു പുതിയ മാതൃക കേരള സര്‍ക്കാര്‍ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇപ്പോഴുള്ളത്. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രവാസി പോര്‍ട്ടല്‍ ആദ്യമായൊരു പദ്ധതി നടപ്പിലാക്കിയതാണ്. പ്രവാസികളുടെ സ്വത്തും വീടും അന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആരും നോക്കില്ല. ഇപ്പോള്‍ അങ്ങനെയൊന്നു സംഭവിച്ചു കഴിഞ്ഞാല്‍, പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്താല്‍ കേരള സര്‍ക്കാര്‍ ഇടപെടും. പ്രശ്‌നം പരിഹരിക്കും. ഇന്നേവരെ ആര്‍ക്കെങ്കിലും തോന്നിയതാണോ അത്. എന്നിട്ട് ഇപ്പോള്‍ പറയുന്നു, 82 ലക്ഷം രൂപ കൊടുത്താല്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാമെന്ന്. ഇതുപോലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ?”.
കമ്പ്യൂട്ടര്‍ വന്നാല്‍ നാട്ടില്‍ തൊഴിലുണ്ടാകില്ലെന്ന് പറഞ്ഞ് സമരം നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. ട്രാക്ടര്‍ വന്നാല്‍ കൃഷിക്കാര്‍ നാടുവിടേണ്ടിവരുമെന്നും പ്രചരിപ്പിച്ചു. അതൊക്കെ ഇന്ന് മാറ്റിപ്പറയുന്നു. അമേരിക്കയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് അമേരിക്കന്‍ കാശ് തൊണ്ടതൊടാതെ വിഴുങ്ങുന്നു. എന്തൊക്കെ തമാശയാണ്, അല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: