തൃശൂര്‍: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.
വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ നടയ്ക്ക് പുറത്തുള്ള തേക്കിന്‍കാട് മൈതാനിയിലാണ് ഈ മരം പൂത്ത് കായ്ച്ചത്. ഈ മരത്തിന്റെ തൊലി, ഇല, വേര് എന്നിവയ്ക്കെല്ലാം വലിയ ഔഷധഗുണമാണ് ഉള്ളത്. ഇതിന്റെ കായ് എളുപ്പം ചീഞ്ഞഴുകാത്തതിനാല്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.
അതുകൊണ്ട് തന്നെ ഈ മരത്തിന്റെ വംശവര്‍ധന ഏറെ ബുദ്ധിമുട്ടുള്ളതാണ്. നേരത്തെ ഒരു ശിവകുണ്ഡല മരം തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടായിരുന്നെങ്കിലും അത് നശിച്ചുപോയി. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനകള്‍ തെക്കോട്ടിറക്കത്തിന് ശേഷം മുഖാമുഖം അണിനിരക്കുന്നത് തേക്കിന് കാട് മൈതാനിയിലാണ്. പുരുഷാരത്തിന്റെ തിരക്കില്‍ ഒരു വിധം മരങ്ങള്‍ക്ക് വളരാന്‍ ബുദ്ധിമുട്ടാണ്. കാരണം ജനം ചവിട്ടിമെതിക്കുക പതിവാണ്. അതുതന്നെയാണ് പഴയ ശിവകുണ്ഡല മരത്തിനും സംഭവിച്ചത്. പുതിയതായി വളര്‍ന്ന മരത്തിന് ചുറ്റും തറ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. 11 വര്‍ഷം മുന്‍പ് നട്ട മരം തൃശൂര്‍ പൂരത്തിന്റെ തിക്കിനെയും തിരക്കിനെയും അതിജീവിച്ചാണ് മരമായി പൂത്ത് കായ്ച്ചത്.
കെഎഫ് ആര് ഐ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ സുജനപാലും ഒ.എല്‍. പയസും ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതാണ് ഈ തൈ. ഫാദറായ ഡോ. സേവ്യര്‍ ആലപ്പാട്ടാണ് ഈ തൈ നട്ടുവളര്‍ത്തതിന് മുന്‍കൈ എടുത്തത്. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി തേക്കിന്‍കാട് പുതുക്കുമ്പോള്‍ ഈ ശിവകുണ്ഡലമരവും കൂടുതല്‍ അഴകോടെ നിലകൊള്ളും.
കൈജീലിയ പിന്നാറ്റ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ മരം ബോട്സ്വാന, സിംബാബ്വേ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുലഭമാണ്. അവിടെ ഇതിന്റെ തടി പൊള്ളയാക്കി വള്ളമായി ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ വെയ്ക്കാനുള്ള പെട്ടിയുണ്ടാക്കാനും തടി ഉപയോഗിക്കും. ഇതിന്റെ പൂക്കളും തടിയുടെ വേരുകളും ഡൈ (തുണികളിലും മറ്റും നിറം കൊടുക്കുന്ന ചായം) ഉണ്ടാക്കാനും ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: