ലണ്ടന്‍: ഇടിമുഴക്കം പോലൊരു ഫൈനല്‍ കായിക ലോകം കണ്ടത് കഴിഞ്ഞ ഡിസംബര്‍ 18ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തിലാണ്. അത്രത്തോളം വരില്ലെങ്കിലും, ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് അസ്സലൊരു വിരുന്നൊരുക്കാന്‍ പാകത്തിലുള്ള സകല ചേരുവകളുമായി വീണ്ടുമൊരു ഫുട്ബോള്‍ കലാശപ്പോരാട്ടം ഇങ്ങെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമീപകാല ഫുട്ബോളില്‍ സ്ഥിരതയുടെ പര്യായമെന്ന് അടിവരയിടാവുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഇംഗ്ലീഷ് ഫുട്ബോളില്‍ വര്‍ഷം തോറും നടന്നുവരുന്ന പ്രധാന കിരീടപ്പോരാട്ടം എഫ് എ കപ്പ് എന്ന് ചുരുക്കി പറയുന്ന ഫുട്ബോള്‍ അസോസിയേഷന് ചലഞ്ച് കപ്പ് ഫൈനലാണ് ഇന്ന് അരങ്ങേറാനിരിക്കുന്ന മാസ് മത്സരം.
പെപ്പിന് കടുത്ത പരീക്ഷ
പരിശീലകന് എന്ന നിലയില്‍ പെപ്പ് ഗ്വാര്‍ഡിയോള തന്റെ കിരീടത്തിലേക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടിയാണ് ഇന്നത്തെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സീസണിലെ മൂന്ന് കിരീടനേട്ടങ്ങളെന്ന അപൂര്വ്വതയിലേക്കുള്ള രണ്ടാമത്തെ ചവിട്ട് പടിയും. എര്‍ലിങ് ഹാളന്‍ഡ് എന്ന നോര്‍വേ സ്ട്രൈക്കറെ മുന്‍നിര്‍ത്തിയുള്ള സീസണിലെ സിറ്റി പടയോട്ടത്തിന്റെ ശക്തി പരീക്ഷിക്കാന്‍ പറ്റിയ വേദികൂടിയാണ് ഈ മാഞ്ചസ്റ്റര്‍ ഡെര്‍ബി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ നേരിടാനിറങ്ങും മുമ്പേ പെപ്പിനും സംഘത്തിനും ഇതിനേക്കാള്‍ നല്ലൊരു പരിശീലനവും പരീക്ഷണവും കിട്ടാനില്ല.
എറിക്കിന് ഇത് സുവര്‍ണാവസരം
കാല്പന്ത് കളിയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കളി കമ്പക്കാരുടെ പ്രിയം നേടിയിടുത്തിട്ടുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പക്ഷെ ഏതാനും സീസണുകളിലായി സുകൃതക്ഷയം ബാധിച്ചപോലൊരു വല്ലായ്ക ഈ ടീമിനെ പിടികുടിയത് ആരാധകരെ മാത്രമല്ല ലോകകായിക രംഗത്ത് പോലും വലിയ ആശ്ചര്യമുണ്ടാക്കി. ആ അവസ്ഥയിലാണ് കഴിഞ്ഞ സീസണില്‍ എറിക് ടെന്‍ ഹാഗ് എന്ന ഡച്ച് പരിശീലകനെ ടീമിന്റെ മാനേജരാക്കുന്നത്. സീസണ് പുരോഗമിക്കുന്തോറും ടീം മെച്ചപ്പെട്ടുവന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു മുന്നില്‍ താരപരിവേഷത്തെ കൂസാത്ത നിലപാടുള്ള മാനേജരായി ടെന്‍ ഹാഗ്. ഫലം ക്രിസ്റ്റായനോ കൂടുപൊളിച്ച് പുറത്തുചാടി. എന്നാലും ടെന്‍ ഹാഗിന്റെ ദൗത്യം ടീമിന് പുനര്‍ജീവന്‍ നല്കലായിരുന്നു. അതില്‍ അദ്ദേഹം തെളിയിച്ചു, ഒരിടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് സീസണ് അവസാനിക്കുമ്പോള്‍ 75 പോയിന്റുമായി യുണൈറ്റഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്, ലീഗ് കപ്പ് നേടി, എഫ് എ കപ്പ് എന്ന പ്രധാന ടൂര്‍ണമെന്റിലെ കലാശപ്പോരിനും യോഗ്യരായി ഇന്നിറങ്ങുന്നു. വെംബ്ലിയില്‍ ഇന്ന് സീസണിലെ പൂര്‍ണതയ്ക്കായി ടെന്ഹാഹിന് ഒരു കിരീടം കൂടി നേടിയാലേ ഒക്കൂ. അതിനുള്ള അവസരം ഇന്നില്ലെങ്കില്‍ ഇനി അടുത്ത സീസണിലേക്ക് കണ്ണുംനട്ടിരിക്കണം.
വെംബ്ലിയിലെ മൂന്നാം ഡെര്‍ബി
ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലെ മൂന്നാമത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ആണിത്. ഇതിന് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നത് ഒരേ സീസണില്‍ തന്നെ. 2010-11 സീസണിലെ എഫ് എ കപ്പ് സെമിയില്‍ സിറ്റി യുണൈറ്റഡിനെ 1-0ന് തോല്‍പ്പിച്ചു. അതേ വര്‍ഷം നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ സിറ്റിക്കെതിരെ യുണൈറ്റഡ് 3-2ന് ജയിച്ചു.
എഫ് എ കപ്പില്‍ ഇരുവരും
സെമിയില്‍ ബ്രൈറ്റണെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സിറ്റിയുടെ വരവ്. ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡിന്റെ വരവ്.
ഇതിന് മുമ്പ് രണ്ട് ടീമുകളും എഫ് എ കപ്പില്‍ ഏറ്റുമുട്ടിയത് 11 വര്‍ഷം മുമ്പ്. 2012ല്‍ നടന്ന ആ മത്സരത്തില്‍ യുണൈറ്റഡ് 3-2ന് ജയിച്ചു.
യുണൈറ്റഡ് 21 തവണ ഫൈനല്‍ കിളിച്ചിട്ടുണ്ട്. 12 തവണ കിരീടം നേടി.
സിറ്റി 12 തവണ ഫൈനലിലെത്തി. ആറ് വട്ടം ചാമ്പ്യന്മാരായി. ഏറ്റവും ഒടുവിലെ നേട്ടം 2019ല്‍(ഫൈനലില്‍ വാട്ട്മോറിനെ 6-0ന് തറപറ്റിച്ചു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: