പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹ.ബാങ്ക് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വായ്പാ തട്ടിപ്പിലൂടെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.64 കോടി രൂപ. സേവാദള്‍ ജില്ലാ വൈസ് ചെയര്മാന് സജീവന് കൊല്ലപ്പള്ളിയുടെ 0010001014444 നമ്പര്‍ സേവിങ്സ് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. 2015 മുതല്‍ ഭരണ സമിതി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരില്‍ അനുവദിച്ച തുകയും വിവിധ ആളുകളുടെ പേരില്‍ പാസാക്കിയ വായ്പാ തുകയുമാണ് ഇത്തരത്തില്‍ സജീവന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രന് നായരുടെ പേരിലുള്ള വായ്പാ തുകയും ഈ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത്തരത്തില്‍ 32 പേരുടെ വായ്പാ തുകയാണ് സജീവന്റെ അക്കൗണ്ടിലേക്ക് മാറിയത്.
9.6 ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സജീവന്റെ സ്ഥലത്തിന് 25 ലക്ഷം രൂപയും വായ്പ നല്കി. ആത്മഹത്യ ചെയ്ത രാജേന്ദ്രന് നായര്‍ 2015 ഫെബ്രുവരി ആറിന് ബാങ്കില്‍ നിന്ന് 73,000 രൂപ വായ്പ എടുത്തതാണ്. പിറ്റേവര്‍ഷം വായ്പ പുതുക്കുമ്പോഴാണ് വായ്പക്കാരനറിയാതെ ഈ തട്ടിപ്പ് നടത്തിയത് അങ്ങനെ 25 ലക്ഷം രൂപകൂടി ഇതേ ഈടില്‍ തട്ടിയെടുത്തു.
വിജിലന്‍സ് കേസില്‍ 10 പ്രതികള്‍
പുല്‍പ്പള്ളി സര്‍വീസ് സഹ.ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 10 പ്രതികള്‍. മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമാണ് ഒന്നാം പ്രതി. മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്, ബിന്ദു തങ്കപ്പന്, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്, ബാങ്ക് വായ്പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന് എന്നിവരാണ് മറ്റു പ്രതികള്‍.
അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിനുശേഷമാണ് വിജിലന്‍സ് വയനാട് യൂണിറ്റ് തലശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. തട്ടിപ്പുപണത്തില്‍ 1.2 കോടി രൂപ കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടുകള്‍ പലതരം
തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കുക. നിയമവിരുദ്ധമായി പ്രോ പര്‍ട്ടി ഇന്സ്പെക്ഷന് ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല് പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യം കുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്‍കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘം
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ റ്റി. അയ്യപ്പന് നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍. വി. സജികുമാര്‍, ആര്. രാജാറാം, പി. ജ്യോതിഷ് കുമാര്‍, എം. ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: