തിരുവനന്തപുരം: മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍. ക്രൈംബ്രാഞ്ചിലെ പോലീസുകാരന് സന്ദീപിന്റെ പേര് അജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഇക്കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത റസ്സല്‍പുരം വേട്ടമംഗലം ശ്രുതിയില്‍ അജയകുമാറിനെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനായ സന്ദീപും, പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. ഭാര്യ ചിത്രയുടെ മുന്നില്‍വച്ചാണ് സന്ദീപും പിതാവും ചേര്‍ന്ന് അജയ കുമാറിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ അജയകുമാര്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചതല്ലാതെ കേസ് രജിസ്ടര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം അജയകുമാര്‍ വിവരാവകാശ നിയമ പ്രകാരം കേസിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ചോദിച്ചു. എന്നാല്‍ രേഖകള്‍ നല്‍കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രസീത് നല്കി. പോലീസുകാരനായ സന്ദീപിനെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
നവംബറില്‍ അജയകുമാറും പോലീസുകാരന്റെ പിതാവുമായുളള തര്‍ക്കത്തില്‍ അജയകുമാറിന്റെ പേരില്‍ മോഷണം, പീഡനം, വധ ശ്രമമുള്‍പ്പെടെ ഇവര്‍ പരാതി നല്‍കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തു. മോഷണതുമ്പ് തേടി പോലീസ് അജയകുമാറിന്റെ വീട്ടില്‍ എത്തുകയും വീടാകെ പരിശോധന നടത്തി. പത്തുദിവസം നാട്ടില്‍ നിന്ന് മാറി നിന്ന അജയകുമാര്‍ ജാമ്യം നേടിയശേഷം കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും, മുനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്കി. അന്വേഷണത്തില്‍ മോഷണം, പീഡനം എന്നീ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. ഈ വകുപ്പുകള്‍ കുറവ് ചെയ്തതായി കാണിച്ച് കാട്ടാക്കട ഡിവൈഎസ്പി റിപ്പോര്‍ട്ടും നല്കി. കള്ളകേസാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലുംപൊതു സമൂഹത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അജയകുമാര്‍.
പോലീസുകാരന് സന്ദീപ് വീണ്ടും അജയകുമാറിനെ നിരന്തരം ശല്യം ചെയ്തതായി ഭാര്യ വി.എം. ചിത്ര പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിന്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. പോലീസുകാരന് വേണ്ടി പോലീസ് തങ്ങള്‍ക്ക് നീതിനിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാര്‍ ആത്മഹത്യ ചെയ്തതെന്നും ചിത്ര പറഞ്ഞു. ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും ചിത്ര പറയുന്നു. എന്നാല്‍ മാറനല്ലൂര്‍ പോലീസ് ബന്ധുക്കളുടെ ആരോപണത്തെ തള്ളിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: