കൊച്ചി: സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കിക്ക് നേരെ തീയേറ്ററില്‍ കയ്യേറ്റ ശ്രമം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത വിത്തിന് സെക്കന്‍ഡ്സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി അഭിപ്രായം പറഞ്ഞെന്നാണ് തര്‍ക്കം. ആറാട്ടണ്ണന്റെ സിനിമ റിവ്യൂകള്‍ക്ക് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കാറുണ്ട്.
സിനിമ കാണാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിര്‍മാതാവും അടക്കം അണിയറ പ്രവര്‍ത്തകര്‍ എത്തി ചോദ്യം ചെയ്തതും പിന്നീട് മര്‍ദ്ദനമായി മാറിയതും. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമ മുഴുവന്‍ കാണാതെ താങ്കള്‍ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അവിടെയുള്ളവര്‍ സന്തോഷ് വര്‍ക്കിയോട് ചോദിക്കുന്നത്. താങ്കള്‍ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്നും അവിടെയുള്ളവര്‍ ചോദിക്കുന്നത്. 50,000 രൂപ നല്കിയാല് നല്ല റിവ്യൂ നല്‍കാമെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞതായി സംവിധായകനും ആരോപിച്ചു. എന്നാല്‍, ഫില്‍മി വുഡ് എന്ന ഓണ്‍ലൈന്‍ മീഡിയയിലെ അബൂബക്കര്‍ എന്ന വ്യക്തി തന്നെ കൊണ്ട് നിര്‍ബന്ധിച്ചതാണെന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
അതേസമയം, മോഹന്‍ലാല്‍ പെണ്ണുപിടിയന്‍ ആണെന്നതടക്കം രൂക്ഷവിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം സന്തോഷ് വര്‍ക്കിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: