ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഐടി ഹാര്ഡ്വെയറുകള്ക്ക് വേണ്ടി അടുത്തിടെ പുതുക്കിയ ഉത്പാദാനാധിഷ്ഠിത ആനുകൂല്യ ( പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതിയെക്കുറിച്ചുള്ള ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് നാളെ ബംഗളുരുവില്‍ നടക്കും.
കേന്ദ്ര ഇലക്ട്രോണിക്സ്,ഐ ടി, നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ടെക് ആവാസവ്യവസ്ഥയുടെ പങ്കാളികളായ വ്യവസായ പ്രമുഖര്‍, വ്യാപാര, ഉല്‍പ്പാദക അസോസിയേഷനുകളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗളൂരുവില്‍ നടന്ന ഡിജിറ്റല്‍ ഇന്ത്യ ഡയലോഗിന്റെ തുടര്‍ച്ചയാണ് നാളെ നടക്കുന്നത്.
ഐടി, ഹാര്ഡ്വെയര് , ഇലക്ട്രോണിക്സ് മൂല്യശൃംഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലേക്ക് 2021ല്‍ ആദ്യമായി അനുമതി നല്കിയ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതിയുടെ ബജറ്റ് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചു കൊണ്ട് 17,000 കോടി രൂപ അടങ്കലുള്ള ഐടി ഹാര്‍ഡ്വെയറിനായുള്ള രണ്ടാം ഘട്ട പിഎല്‍ഐ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
കമ്പനികള്‍ക്ക് ലഭ്യമാകുന്ന പരമാവധി ആനുകൂല്യത്തിന് പരിധി നിശ്ചയിച്ച് കൊണ്ടുള്ള പദ്ധതി ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കും. കമ്പനികള്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിലൂടെ, ഐടി ഹാര്ഡ്വെയര് ഘടകങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉല്‍പ്പാദനത്തില്‍ പ്രാദേശികവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, ഓള്‍ഇന്‍വണ്‍ പിസികള്‍, സെര്‍വറുകള്‍, അതിസൂക്ഷ്മ (അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍) ഉപകരണങ്ങള്‍ എന്നിവ പദ്ധതിയുടെ പരിധിയില്‍പ്പെടുന്നു.
രാജ്യത്തെ ഹാര്ഡ്വെയര് മേഖല ഇത് വഴി 3.35 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനത്തിലേക്ക് നയിക്കപ്പെടുമെന്നും കുറഞ്ഞത് എഴുപത്തി അയ്യായിരത്തില്പരം നേരിട്ടുള്ള തൊഴിലവസരങ്ങളെങ്കിലും പുതുതായി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. നിയമ, നയ രൂപീകരണ വേളയില്‍ത്തന്നെ പൊതുജനാഭിപ്രായം സ്വരൂപിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്‍സള്‍ട്ടേറ്റീവ് സമീപനത്തിന് അനുസൃതമായാണ് ഡിജിറ്റല്‍ ഡയലോഗ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: