2017 ഏപ്രില്‍ 2ന് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയുടെ വിവാഹം. അര്‍ജുന അവാര്‍ഡ് ജേതാവ് ഗുസ്തിക്കാരനാണ് വരന്‍. സാക്ഷി മാലിക്-സത്യവര്‍ത് കാഡിയന്‍ വിവാഹം. ചടങ്ങില്‍ സാക്ഷിയുടെ അച്ഛനെക്കാള്‍ പ്രാധാന്യത്തോടെ നിറഞ്ഞുനിന്ന ഒരാളുണ്ടായിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. രണ്ടു ഗുസ്തി താരങ്ങളുടെ കല്യാണത്തിന് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സജീവമാകുന്നത് കുറവൊന്നുമല്ല. പക്ഷേ വധുവിന്റെ പിതാവ് നിര്‍വഹിക്കേണ്ട ചടങ്ങുകള്‍കൂടി നടത്തിയത് ബ്രിജ്ഭൂഷണ്‍ ആയിരുന്നു. പിതാവിന്റെ സ്ഥാനത്താണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് സാക്ഷി മാലിക് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
അഞ്ച് വര്‍ഷത്തിനു ശേഷം ജനുവരി 18ന്, ബ്രിജ്ഭൂഷണ്‍ ഏഴ് വര്‍ഷം മുന്‍പ് പീഡിപ്പിച്ചിരുന്നതായ ആരോപണവുമായി കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി സാക്ഷി. ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിക്കാരായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കൊപ്പം പ്രതിഷേധവുമായി ദല്‍ഹിയിലെ ജന്തര്‍ മന്ദിറിലെത്തി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗും പേര് വെളിപ്പെടുത്താത്ത പരിശീലകരും വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്ന ഗുരുതര ആരോപണം ഉന്നയിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ വിശദീകരണം തേടുകയും 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പിറ്റേന്നു തന്നെ ഗുസ്തി താരങ്ങള്‍ കായിക മന്ത്രാലയവുമായി ചര്‍ച്ച നടത്തി. നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും അവര്‍ തൃപ്തരായില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഗുസ്തി ഫെഡറേഷന്റെ എല്ലാ സംസ്ഥാന അസോസിയേഷനുകളും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു. കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഗുസ്തിക്കാരെ നേരിട്ടു കണ്ടു. അന്വേഷിക്കാന്‍ നിഷ്പക്ഷ കമ്മിറ്റി രൂപീകരിക്കാന്‍ ഗുസ്തിക്കാര്‍ ആവശ്യപ്പെട്ടു. അങ്ങനെ മേല്‍നോട്ട സമിതി രൂപീകരിച്ചു. ജനുവരി 20ന് മന്ത്രിയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, യോഗത്തിന്റെ ഫലത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കൂടുതല്‍ അന്വേഷണത്തിനും അവരുടെ ആരോപണങ്ങളുടെ തെളിവ് കാണിക്കുന്നതിനും മേല്‍നോട്ട സമിതിയുമായി സഹകരിക്കുമെന്നും അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബ്രിജ് ഭൂഷണ്‍ ഗുസ്തി ഫെഡറേഷന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്ന് കായികമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി. ഇത് ഉടനടി ചെയ്തു. ഗുസ്തിക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. ആറു തവണ ലോക ബോക്‌സിംഗ് ചാമ്പ്യനായ മേരി കോം ചെയര്‍പേഴ്‌സണും യോഗേശ്വര്‍ദത്ത്, തൃപ്തി മുര്‍ഗുണ്ടെ, കമാന്‍ഡര്‍ രാജേഷ് രാജ്‌ഗോപാലന്‍, രാധിക ശ്രീമാന്‍ എന്നിവരുമടങ്ങിയ മേല്‍നോട്ട സമിതി രൂപീകരിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു അംഗം വേണമെന്നായിരുന്നു ഗുസ്തിക്കാരുടെ അഭ്യര്‍ത്ഥന. തുടര്‍ന്ന് ലോക ഗുസ്തി ചാമ്പ്യന്‍ ബബിത ഫോഗട്ടിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഈ വര്‍ഷത്തെ ആദ്യ റാങ്കിംഗ് സീരീസായ സാഗ്രെബ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായി ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ജനുവരി 27ന് പ്രഖ്യാപിക്കുന്നു. സര്‍ക്കാരിന്റെ ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിന്റെ ഭാഗമായിട്ടും, പ്രതിമാസം 50,000 രൂപ ഔട്ട് ഓഫ് പോക്കറ്റ് അലവന്‍സ് നല്‍കിയിട്ടും മത്സരത്തിന് നാലുദിവസം മുന്‍പുള്ള പിന്‍മാറ്റം നിരാശപ്പെടുത്തുന്നതായി. വനിതാ ഗുസ്തിക്കാരുടെ പരാതികള്‍ മേല്‍നോട്ട സമിതി കേട്ടു. ബ്രിജ് ഭൂഷണ്‍ സരണിനെയും ഗുസ്തിക്കാര്‍ അവരുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് സാക്ഷികളെയും മേല്‍നോട്ട സമിതി വിളിച്ചുവരുത്തി. കായിക മന്ത്രാലയം മേല്‍നോട്ട സമിതിക്ക് രണ്ടാഴ്ചത്തെ കാലാവധി നീട്ടിനല്‍കി.
മേല്‍നോട്ട സമിതിയുടെ അന്വേഷണം നടക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുകയും ചെയ്‌തെങ്കിലും, ബജ്‌റംഗ്, വിനേഷ്, രവി, സാക്ഷി എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ഗുസ്തിക്കാര്‍ ഈ വര്‍ഷത്തെ രണ്ടാം റാങ്കിംഗ് സീരീസ് ആയ ഇബ്രാഹിം മുസ്തഫ ടൂര്‍ണമെന്റ് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഗുസ്തിയുടെ ആഗോള സംഘടന, 2023ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞു. നിരവധി യുവ ഗുസ്തിക്കാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ആഗോള ഇവന്റിന് സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടമായി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2വരെ ദല്‍ഹിയില്‍ നടത്താനിരുന്ന പരിപാടി കസാക്കിസ്ഥാനിലെ അസ്താനയിലേക്ക് മാറ്റി. കായിക മന്ത്രാലയം അന്താരാഷ്‌ട്ര പരിശീലന ക്യാമ്പിനായുള്ള ബജ്‌രംഗിന്റെയും വിനേഷിന്റെയും അഭ്യര്‍ത്ഥന മാര്‍ച്ച് 21ന് അംഗീകരിച്ചു. കിര്‍ഗിസ്ഥാനില്‍ 16 ദിവസത്തേക്ക് പരിശീലിക്കാന്‍ ബജ്‌റംഗിന് അനുമതി ലഭിച്ചു. വിനേഷിന് പോളണ്ടിലെ സ്പാലയിലുള്ള ഒളിമ്പിക് തയ്യാറെടുപ്പ് കേന്ദ്രത്തില്‍ 11 ദിവസത്തേക്ക് പരിശീലനത്തിന് അനുമതി ലഭിച്ചു. രണ്ട് യാത്രകളുടെയും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും, വിനേഷും ബജ്‌റംഗും പരിശീലനത്തിന് പോയില്ല. റസ്‌ലിംഗ് ഫെഡറേഷനെതിരായ അവരുടെ പരാതികളിലെ സംഭവവികാസങ്ങളാണ് പ്രധാനമാണെന്ന് തോന്നിയതിനാലാണ് വിദേശ പര്യടനം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് വിനേഷ് പറഞ്ഞു.
കസാക്കിസ്ഥാനിലെ അസ്താനയിലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഗുസ്തി ഒളിമ്പ്യന്‍മാരായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, രവി ദാഹിയ എന്നിവരുടെ അഭാവം തിരിച്ചടിയായി. മൂവരും ട്രയല്‍സ് ഒഴിവാക്കിയതിനാല്‍ ഇവന്റിലേക്ക് യോഗ്യത നേടിയില്ല. ഏപ്രില്‍ 23 ന് വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, അദ്ദേഹത്തിന്റെ ഭാര്യ സംഗീത ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധം തുടരാന്‍ വീണ്ടും ജന്തര്‍ മന്ദറിലേക്ക് എത്തി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിക്കാരെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പുതിയ ആരോപണവും ഉന്നയിച്ചു. ദല്‍ഹി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയാല്‍ മാത്രമേ ഒരാളെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്നതാണ് നിയമം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചു എന്നതാണ് പരാതി എന്നതിനാല്‍ നിയമം അതിന്റേതായ വഴി സ്വീകരിച്ചു.
ഗുസ്തി ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് മെയ് 7ന് നടത്തുമെന്നും അതുവരെ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേന്‍ നിയമിക്കുന്ന താല്‍ക്കാലിക സമിതിക്കായിരിക്കും ചുമതല എന്നും കാണിച്ച് കായിമ മന്ത്രാലയം, അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷയ്‌ക്ക് കത്തെഴുതി. ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 27ന് ഐഒഎ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചേരുമെന്നും ഉഷ പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഏപ്രില്‍ 25ന് സമ്മതിച്ചു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ വീണ്ടും ആവശ്യം മാറ്റി. അന്വേഷണം കൂടാതെതന്നെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നായി. എംപി ഉള്‍പ്പെടെ എല്ലാ പദവിയില്‍നിന്നും നീക്കം ചെയ്യണം. അദ്ദേഹത്തെ ജയിലില്‍ അടച്ചാല്‍ മാത്രമേ സമരം നിര്‍ത്തൂ. അന്വേഷണം യഥാവിധി കൂടാതെ ആരെയും ശിക്ഷിക്കാന്‍ കഴിയില്ല എന്ന വസ്തുത പ്രതിഷേധക്കാര്‍ പരിഗണിച്ചില്ല.
ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുമായി ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേന്‍ മൂന്നംഗ കമ്മിറ്റിക്ക് രൂപം നല്‍കി. തെരുവില്‍ താരങ്ങള്‍ സമരത്തിനിറങ്ങുന്നത് കായികരംഗത്തിന് നല്ലതല്ലെന്നും രാജ്യത്തിന്റെ യശസ്സ് കളയുമെന്നും പി.ടി.ഉഷ പറഞ്ഞത് വിവാദമാക്കി. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഗുസ്തിക്കാരെ പിന്തുണയ്‌ക്കുന്നതിനായി ജന്തര്‍ മന്ദറിലേക്ക് വന്നു. ബൃന്ദ കാരാട്ട്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, നവജ്യോത് സിംഗ് സിന്ധു, കുമാരി സൈല്‍ജ, സൗരഭ് ഭരദ്വാജ്… എന്നിവരൊക്കെ പിന്തുണയുമായി എത്തി. അതുവരെ രാഷ്‌ട്രീയം ഇല്ലന്നു പറഞ്ഞിരുന്ന സമരത്തിനു പിന്നിലെ രാഷ്‌ട്രീയം പുറത്തു വന്നു തുടങ്ങി.
ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി മെയ് 4ന് സുപ്രീം കോടതി അവസാനിപ്പിക്കുകയും ഗുസ്തിക്കാരോട് കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സുപ്രീം കോടതിയില്‍ വിശ്വാസമില്ല എന്നു പറഞ്ഞ് സമരത്തില്‍ ഒപ്പം ചേരാന്‍ ഖാപ്പ് പഞ്ചായത്തുകളെ ഗുസ്തിക്കാര്‍ ക്ഷണിക്കുന്നു. കര്‍ഷക നേതാവ് രാകേഷ് ടികായിത് ജന്തര്‍ മന്തറില്‍ ഗുസ്തിക്കാര്‍ക്കൊപ്പം ചേരുന്നു. മെയ് 23ന് ഗുസ്തിക്കാര്‍ മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തുന്നു. ഖാപ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മെയ് 28ന് പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിനം. ഗുസ്തിക്കാര്‍ പുതിയ പാര്‍ലമെന്റിന് മുന്നില്‍ മാര്‍ച്ചും പ്രതിഷേധവും ആസൂത്രണം ചെയ്യുന്നു. ഗുസ്തിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദല്‍ഹി പോലീസ് നിര്‍ബന്ധിതരാകുകയും അവരെ തടഞ്ഞുവയ്‌ക്കുകയും ചെയ്യുന്നു. രണ്ടാം മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികമായ മെയ് 30ന് ഗുസ്തിക്കാര്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ഹരിദ്വാറിലേക്ക് പോകുന്നു. 6 മണിക്ക് ഒഴുക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഒരു മണിക്കൂര്‍ കാത്തിരുന്നു. കര്‍ഷക നേതാവ് രാകേഷ് ടിക്കായിത് ഇടപെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ 5 ദിവസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെടുന്നു. 5 ദിവസം കാത്തിരിക്കാന്‍ സമ്മതിച്ച് പ്രതിഷേധക്കാര്‍ മടങ്ങി.
ഗുസ്തി സമരത്തിന്റെ ഇതുവരെയുള്ള നാള്‍വഴി പരിശോധിച്ചാല്‍ എവിടെയൊക്കയോ ഫൗള്‍ ഉണ്ട് എന്നു വ്യക്തം. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന പീഡനം ഇത്രയും നാള്‍ മറച്ചു വെച്ചത് മാത്രമല്ല സംശയത്തി്‌ന് ഇടവരുത്തുന്നത്. ജനുവരിയില്‍ ഗുസ്തിക്കാരുടെ ആവശ്യം നിഷ്പക്ഷമായ അന്വേഷണം വേണം എന്നതായിരുന്നു. മേല്‍നോട്ട സമിതി രൂപീകരിക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്തപ്പോള്‍ ആദ്യ ആവശ്യം മാറി. ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ജന്തര്‍ മന്ദര്‍ വിടില്ലന്നായി. ദല്‍ഹി പോലീസിനെ വിശ്വസിക്കുന്നില്ല. സുപ്രീം കോടതിയില്‍ മാത്രമേ വിശ്വാസമുള്ളൂ എന്നു പറഞ്ഞു. ദല്‍ഹി പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തപ്പോള്‍ ബ്രിജ് ഭൂഷനെ ജയിയിലടയ്‌ക്കാതെ സമരത്തില്‍നിന്ന് പിന്മാറ്റമില്ലന്നായി. അന്വേഷണം യഥാവിധി കൂടാതെ ആരെയും ശിക്ഷിക്കാന്‍ കഴിയില്ല എന്ന വസ്തുത അറിയാത്തവരല്ലല്ലോ താരങ്ങള്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ദല്‍ഹിയില്‍ സമരകോലാഹലം. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ഷികദിനത്തില്‍ ഗംഗയില്‍ മെഡല്‍ ഒഴുക്ക് നാടകം. വെറും ഫൗള്‍ മാത്രമല്ല വലിയ ആസൂത്രണവും ഗുസ്തി താരങ്ങളുടെ റിംഗിനു പുറത്തുള്ള കളിയിലുണ്ടെന്ന് വ്യക്തം. ആരെ ഇടിച്ചു വീഴ്‌ത്താനുദ്ദേശിച്ചാണിതെന്നതും വളരെ വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: