എടത്വ: കാലവര്‍ഷം പടിവാതില്ക്കല് എത്തിയിട്ടും നദികളിലെ ആഴംകൂട്ടല്‍ പദ്ധതി ചുവപ്പുനാടയില്‍. പ്രളയ ദുരന്തത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ച കുട്ടനാട്ടിലാണ് ഇക്കാര്യത്തില്‍ വീണ്ടും അധികാരികളുടെ അലംഭാവം. 2018നു ശേഷം തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തില്‍നിന്നു കരകയറാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല.
തദ്ദേശ സ്വയംഭരണം വഴി ഏതാനും തോടുകളില്‍ ആഴംകൂട്ടല്‍ പദ്ധതി തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി നിലച്ചിരുന്നു. രണ്ടാം കുട്ടനാട് പാക്കേജിലും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തു ബജറ്റിലും തുക വകകൊള്ളിച്ചിരുന്നു. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ എക്കല്‍ അടിഞ്ഞു നികന്നതിനാല്‍ വെള്ളം ഒഴുകിമാറാന്‍ താമസിക്കുന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് നദികളിലെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കുട്ടനാട്ടിലെ ഒട്ടുമിക്ക നദികളിലും തോടുകളിലും എക്കല്‍ അടിഞ്ഞു പുല്ല് വളര്‍ന്ന് ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. പമ്പാ, അച്ചന്‍കോവില്‍, മണിമല ആറുകള്‍ പല സ്ഥലങ്ങളിലും നികന്നു തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ എക്കല്‍ അടിഞ്ഞാണ് നികന്നു തുടങ്ങിയത്. നദികളുടെ കൈവഴിയുടെയും തോടുകളുടെയും അവസ്ഥ വ്യത്യസ്തമല്ല.ഒട്ടുമിക്ക തോടുകളിലും ഒഴുക്കും ജലലഭ്യതയും നിലച്ചു. ഇടത്തോടുകള്‍ പൂര്‍ണമായി നികന്ന അവസ്ഥയിലാണ്. ഏതാനും ദിവസങ്ങള്‍ മഴ പെയ്താല്‍ പോലും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുങ്ങുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: