ഇംഫാല്‍: മണിപ്പൂരില്‍ തലസ്ഥാനമായ ഇംഫാലിന്റെ കിഴക്കന്‍ പ്രദേശത്ത് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ആയുധധാരികളായ 25 പേരെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. പിടിച്ചെടുത്തവയില്‍ ചൈനീസ് ആയുധങ്ങളും ഉള്‍പ്പെടുന്നു.’
ഇംഫാല്‍ ഈസ്റ്റില്‍ മലയോര മേഖലയിലെ സനാസാബി, ഗ്വാള്താബി, ഷാബുന്ഖോല് ഖുനാവോ എന്നിവിടങ്ങളിലെ വീടുകള്‍ക്ക് തീയിടാന്‍ സായുധരായ അക്രമികള്‍ പുറപ്പെടുന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നിന്നാണ് അക്രമികളെ പിടികൂടിയത്.
അഞ്ച് 12 ഡബിള്‍ ബാരല്‍ റൈഫിളുകള്‍, മൂന്ന് സിംഗിള്‍ ബാരല്‍ റൈഫിളുകള്‍ തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായി മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയും വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനം ചെയ്തു.
സന്ദര്‍ശനത്തിനിടെ വിവിധ വിഭാഗങ്ങളുമായി അമിത് ഷാ ചര്‍ച്ചകള്‍ നടത്തും.കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും ശനിയാഴ്ച മണിപ്പൂരിലെത്തി ക്രമസമാധാന നില വിലയിരുത്തി.
മേയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നത് പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: