കൊച്ചി: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്. കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാന്‍ കേരള ബാങ്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കേണ്ടി വന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു.
പിആര്‍എസ് (പാഡി രസീത് സ്ലിപ്) വായ്പ്പാ പദ്ധതി സുഗമമായി നടന്നു വരുമ്പോള്‍ കേരളാ ബാങ്കിനെ ഒഴിവാക്കുന്നതിനു വേണ്ടി ബോധപൂര്‍വമായി സപ്ലൈകോ ശ്രമിച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. 11 വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് പിആര്‍എസ് വായ്പ്പാ പദ്ധതി സപ്ലൈകോ നടത്തിവന്നിരുന്നത്.
എസ്ബിഐ അടക്കമുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യം 6.9 ശതമാനം നിരക്കില്‍ വായ്പ നല്‍കാമെന്ന് സമ്മതിച്ചപ്പോഴും അതേ പലിശ നിരക്ക് അംഗീകരിക്കാന്‍ കേരള ബാങ്ക് തയ്യാറായിരുന്നില്ല. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതും സര്‍ക്കാരുകളില്‍ നിന്ന് തുക ലഭിക്കുന്നതും തമ്മിലുണ്ടാകുന്ന കാലതാമസം മൂലം നെല്ല് സംഭരണ പദ്ധതിക്ക് ചിലവഴിക്കേണ്ട തുക മുന്‍കൂറായി സപ്ലൈകോ കണ്ടെത്തേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായാണ് 11 ബാങ്കുകളുടെ സഹകരണത്തോടെ പിആര്‍എസ് വായ്പാ പദ്ധതി നടപ്പാക്കിയത്.
2023 ഫെബ്രുവരി എട്ടിനാണ് 200 കോടി രൂപ പിആര്‍എസ് ലോണ്‍ ലഭിക്കുന്നതിനായി കേരള ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അന്നു തന്നെ കര്‍ഷകരുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കേരള ബാങ്കിന് നല്‍കിയിരുന്നു.
അതിനാല്‍ സപ്ലൈകോ കര്‍ഷകരുടെ ലിസ്റ്റ് നല്‍കിയില്ലെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. എന്നാല്‍ വായ്പയ്ക്കായി സമീപിച്ച കര്‍ഷകരില്‍ നിന്നും തങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുകളില്‍ നിന്നും തുക തിരിച്ചുപിടിക്കാമെന്ന ഒരു അധിക സത്യവാങ്മൂലം ആവശ്യപ്പെട്ടതിനാല്‍ കേരള ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ തയ്യാറാകാതെ കുറെ കര്‍ഷകര്‍ മാറി നിന്നു. അതിനാലാണ് ഏകദേശം 7.6 കോടി രൂപ കേരള ബാങ്കിന് കര്‍ഷകര്‍ക്ക് നല്കാന് സാധിക്കാതിരുന്നതെന്നും ഡോ. ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: