പാരിസ്: ഫ്രഞ്ച് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ട് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസിന് കടുകട്ടിയായി. 452-ാം റാങ്കിലുള്ള യിറി വെസെലിയോട് നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജയിച്ചുകയറിയത്. വനിതാ സിംഗിള്‍സില്‍ കളിക്കാനിറങ്ങിയ അരൈന സബലെങ്കയും എലിസെ മെര്‍ട്ടെന്‍സും അനായാസം രണ്ടാം റൗണ്ടിലേത്തി.
ആദ്യ സെറ്റ് സിറ്റ്സിപ്പാസ് 7-5ന് പിടിച്ചെടുത്തപ്പോള്‍ തന്നെ പന്തികേട് തോന്നിയിരുന്നു. പിന്നെ കളിയിലുടനീളം അത് പ്രകടമായി. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് കൂടിയായ ഗ്രീക്ക് താരം സിറ്റ്സിപ്പാസ് നന്നേ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. നാലാം സെറ്റില്‍ ടൈബ്രേക്കറിലൂടെയാണ് ഗ്രീക്ക് താരം ആദ്യകടമ്പ കടന്നത്. ടൈബ്രേക്കര്‍ സെറ്റ് 9-7 വരെ നീണ്ടത് തന്നെ ചെക്ക് താരം യിറി വെസെലിയുടെ പോരാട്ട വീര്യം വ്യക്തമാക്കുന്നു. സ്കോര്‍: 75, 63, 46, 76(97).
വനിതാ സിംഗിള്‍സില്‍ ഇറങ്ങിയ ലോക രണ്ടാം നമ്പര്‍ താരം അരൈന സബലെങ്ക അര്‍ഹിച്ച വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് കുതിച്ചു. യുക്രൈന് താരം മാര്‍ത്ത കോസ്ട്യൂക്കിനെയാണ് ബെലാറൂസിയന്‍ താരം അരൈന തോല്‍പ്പിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ താരം ഇരൈന ഷിമാനോവിച്ചിനെ നേരിടും. സ്കോര്‍: 63, 62.
മറ്റൊരു വനിതാ സിംഗിള്‍സ് മത്സരത്തില്‍ ബെല്‍ജിയന്‍ താരം എലിസെ മെര്‍ട്ടെന്‍സ് സ്ലോവാക്യന്താരം വിക്ടോറിയ ഹൃങ്കാകോവയെ നിഷ്പ്രഭയാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. തീര്‍ത്തും അനായാസമാണ് മെര്‍ട്ടെന്‍സ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്കോര്‍: 6-1, 6-4.
മറ്റ് ആദ്യ റൗണ്ട് മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. കനേഡിയന്‍ താരവും മുന്‍ ഗ്രാന്‍ഡ് സ്ലാം ജേത്രിയുമായ ലെയ്ലാ ഫെര്‍ണാണ്ടസ് അടക്കമുള്ള താരങ്ങള്‍ മത്സരരംഗത്തുണ്ട്. പുരുഷ സിംഗിള്‍സില്‍ റഷ്യന്‍ താരം കാരെന് ഖച്ചനോവ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ആദ്യ മത്സരം ജയിച്ചത്. കോന്‍സ്റ്റന്റ് ലിസ്റ്റിയേന് ആയിരുന്നു എതിരാളി. ആദ്യ രണ്ട് സെറ്റുകള്‍ കീഴടങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവിലൂടെയാണ് ഖച്ചനോവ് കളി പിടിച്ചെടുത്തത്. സ്കോര്‍: 3-6, 1-6, 6-2, 6-1, 6-3.
അമേരിക്കന്‍ താരങ്ങള്‍ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയ പുരുഷ സിംഗിള്‍സില്‍ മക്കെന്‍സി മക്ഡൊണാള്‍ഡിനെ സെബാസ്റ്റ്യന്‍ കോര്‍ഡ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 7-5, 6-4. രണ്ടാം റൗണ്ടില്‍ ബുധനാഴ്ച ഓസ്ട്രേലിയന്‍ താരം സെബാസ്റ്റ്യന്‍ ഓഫ്നര്‍ ആണ് ഖോര്ഡയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: