കൊട്ടാരക്കര: കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ സനാതന ധര്‍മ പാഠശാലകള്‍ ആരംഭിക്കുക എന്നി വിഷയങ്ങള്‍ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തു.
ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. ശക്തിയിലോ ബുദ്ധിയിലോ അല്ല വരും കാലഘട്ടത്തിന്റെ പ്രസക്തി. മറിച്ച് കാലത്തിനനുസരിച്ചു മുന്നോട്ടു പോകുന്നവര്‍ക്കാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി ആവിഷ്‌കരിച്ചിട്ടുള്ള നവതല പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങളെ കേന്ദ്രികരിച്ചു നടപ്പിലാക്കണം. പിടിപ്പുകേടിന്റെ പര്യായമായി ക്ഷേത്ര ഭരണങ്ങള്‍ മാറുന്നു. രാഷ്‌ട്രീയ വിമുക്തമായ ഒരു ഭരണ സംവിധാനം ക്ഷേത്രങ്ങളില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും വര്‍ഷങ്ങളില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കണമെന്നും ക്ഷേത്ര ഭരണത്തില്‍ കാലത്തിനു അനുസരിച്ചു മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അധ്യക്ഷത വഹിച്ച കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ പറഞ്ഞു.
സനാധനധര്‍മ പാഠശാലയുടെ പരിഷ്‌കരിച്ച പുസ്തക പതിപ്പിന്റെ പ്രകാശനം കെ.കെ. ബാലറാം നിര്‍വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, മാതൃ സമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍, എം. വിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക്, ക്ഷേത്ര ഭൂമിയുടെ അന്യാധീനപ്പെടല്‍ എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ആചാര്യസമാദരണ സഭയ്‌ക്കു ശേഷം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപീകരണവും പ്രഭാഷണവും ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദുസമൂഹത്തിന്റെ സാമൂഹികവും ആദ്ധ്യാത്മികവുമായ അവസ്ഥാ വിശേഷങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മണ്ഡലങ്ങളില്‍ ഹിന്ദു പ്രഭ ഉയരണം. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി നാം ഓരോരുത്തരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. മോഹനന്‍ അധ്യക്ഷനായി.
കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ അമ്മമാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.
പുതിയ സംസ്ഥാന ഭാരവാഹികള്‍
പാലക്കല്‍ മാധവമേനോന്‍, പി.ഇ.ബി മേനോന്‍, ഡോ.ബാലകൃഷ്ണവാര്യര്‍, സ്വാമി അയ്യപ്പദാസ്, ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍, എ.കെ.ബി. നായര്‍, എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, ഡോ. ശ്രീകൃഷ്ണവാര്യര്‍, ഡോ.കെ. അരവിന്ദാക്ഷന്‍, ഡോ. വിജയരാഘവന്‍, എന്‍.വി.വി. നമ്പൂതിരി (രക്ഷാധികാരികള്‍), എം. മോഹനന്‍ (അധ്യക്ഷന്‍), കെ. നാരായണന്‍കുട്ടി, മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി, എം.വി. രവി (ഉപാധ്യക്ഷന്മാര്‍), കെ.എസ്. നാരായണന്‍ (ജനറല്‍ സെക്രട്ടറി), വി.കെ. ചന്ദ്രന്‍, ജയപുനലൂര്‍, എം. വിപിന്‍ (സെക്രട്ടറിമാര്‍), വി.എസ്. രാമസ്വാമി (ഖജാന്‍ജി), ടി.യു. മോഹനന്‍ (സംഘടനാ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: