കൊച്ചി: നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പടെയുള്ള നാവികർ മോചിതരായി. എണ്ണക്കപ്പലായ എം.ടി.ഹീറോയിക് ഇഡുവിനേയും വിട്ടയച്ചു.16 ഇന്ത്യക്കാർ അടക്കം 26 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എണ്ണ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടിയത്.
കൊല്ലം സ്വദേശി വിജിത്ത്, വയനാട് സ്വദേശി സനു ജോസ്, എറണാകുളം സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് മോചിതരായ മലയാളികൾ. ഇവരുടെ മേൽ ചുമത്തിയിരുന്ന കുറ്റം കോടതി റദ്ദാക്കുകയായിരുന്നു. കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്കാണ് യാത്ര. മലയാളി നാവികർ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ എത്തും. ഇവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് തടവിലാക്കപ്പെട്ടവരിൽ ഒരാളായ വിജിത്ത്. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മോചനം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: