സ്വാതന്ത്ര്യാനന്തരഭാരതം കാത്തിരുന്ന മറ്റൊരു സുവര്‍ണനിമിഷം കൂടി സമാഗതമാവുന്നു. പുതിയ ഭാരതത്തിന്റെ പ്രതീക്ഷയും പ്രത്യാശയും അഭിലാഷങ്ങളും നിറവേറ്റുന്ന ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണിത് പ്രാപ്യമാകുന്നത്.
സ്വാശ്രയ ഭാരതത്തിന്റെ ആത്മാവിനെ പ്രതീകവല്‍ക്കരിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ധീരദേശാഭിമാനി വീരസവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലേറി ഒന്പതുവര്ഷം പൂര്‍ത്തിയാകുന്ന ആഘോഷവേള കൂടിയാണിത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും നാലുനിലകളുമുണ്ട്. 970 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിടത്തിന് തറക്കല്ലിട്ടു. 2021 ജനുവരി 15ന് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കൊവിഡിനെ തുടര്‍ന്ന് പലഘട്ടങ്ങളിലും നിര്‍മാണം പ്രതിസന്ധിയിലായിരുന്നെങ്കിലും അതെല്ലാം മറികടന്ന് റെക്കോര്‍ഡ് വേഗതയിലാണ് പൂര്‍ത്തിയാക്കിയത്.
ഒട്ടനവധി സവിശേഷതകളും സജ്ജീകരണങ്ങ ളുമാണ് പുതിയ മന്ദിരത്തിലുള്ളത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തെക്കാള്‍ ഇരിപ്പിടങ്ങളുടെ എണ്ണം ലോക്സഭയിലും രാജ്യസഭയിലും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്സഭയില്‍ 883, രാജ്യസഭയില്‍ 300 ഇരിപ്പിടങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ പാര്‍ലമെന്റില്‍ യഥാക്രമം 543, 250 ഇരിപ്പിടങ്ങളാണ് ഉണ്ടായിരുന്നത്. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളില്ല. ലോക്സഭ ചേംബറിലാകും സംയുക്ത സഭാസമ്മേളനം ചേരുക. 1,280 പേര്‍ക്കുവരെ ഇവിടെ ഇരിക്കാനാകും.
ഭരണഘടനാ ഹാള്‍ കെട്ടിടത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതാണിത്. ഇന്ത്യന്‍ ഭരണ ഘടനയുടെ ഒരു പകര്‍പ്പ് ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്. വായിക്കാന്‍ കഴിയുന്ന രൂപത്തില്‍ ഡിജിറ്റല്‍ മാതൃകയും ഇവിടെ പ്രദര്‍ശിപ്പിക്കും.
നാലു ദേശീയചിഹ്നങ്ങള്‍ വിവിധരീതിയില്‍ മന്ദിരത്തെ അലങ്കരിക്കുന്നു. ഏറ്റവും മുകളിലായി കൂറ്റന്‍ അശോകസ്തംഭമാണ്. പൂര്‍ണമായി വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തിന് 6.5 മീറ്റര്‍ ഉയരവും 4.34 മീറ്റര്‍ വീതിയുമുണ്ട്. 9500 കിലോയാണ് ആകെ ഭാരം. 6500 കിലോ ഭാരം വരുന്ന ഉരുക്ക് ചട്ടക്കൂടും അശോകസ്തംഭത്തിന് താങ്ങായി നിര്‍മ്മിച്ചിട്ടുണ്ട്. ഏകദേശം ഒമ്പതുമാസം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2022 ജൂലൈ 11ന് അശോകസ്തംഭം അനാച്ഛാദനം ചെയ്തത് പ്രധാനമന്ത്രിയാണ്.
ലോക്സഭാ ചേംബറിന്റെ ഉള്‍വശം ദേശീയപക്ഷി മയിലിനെ പ്രമേയമാക്കിയും രാജ്യസഭാ ചേംബറിന്റെ ഉള്‍വശം ദേശീയ പുഷ്പം താമര പ്രമേയമാക്കിയുമാണ് പണിതിരിക്കുന്നത്. അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാനായി സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിട്ടുണ്ട്. ദേശീയ വൃക്ഷമായ ആല്‍മരത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്ത് ആല്‍മരവുമുണ്ട്.
5,000ത്തോളം കലാസൃഷ്ടികളാണ് വിവിധ രീതിയില്‍ മന്ദിരത്തിന്റെ അകത്തളങ്ങളെ അലങ്കരിക്കുന്നത്. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കലാകാരന്മാരാണ് ഈ കലാസൃഷ്ടികള്‍ ഒരുക്കിയത്.
കെട്ടിടത്തിന്റെ സീലിംഗില്‍ രാഷ്ട്രപതി ഭവനിലേതുപോലെ ഫ്രെസ്കോ പെയിന്റിംഗുകളുണ്ട്. ഒറ്റനിറത്തിലുള്ള പരവതാനികള്‍ക്ക് പകരം പരമ്പരാഗത രീതിയിലുള്ള പരവതാനികളാണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ചുവരുകളില്‍ വിവിധ ശ്ലോകങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്മാര്, കലാകാരന്മാര്, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് ഇതിന് നേതൃത്വം നല്‍കിയത്. സാംസ്കാരികവും പ്രാദേശികവുമായ കലകളും കരകൗശല വിദ്യകളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ആധുനിക ഇന്ത്യയുടെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു.
ജ്ഞാനദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാണ് പ്രധാനകവാടങ്ങള്ക്ക് പേര് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിര്‍മ്മാണത്തിലും പങ്കാളികളായ ആറു പേരുടെ ഗ്രാനൈറ്റ് പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പ്രവേശന കവാടങ്ങളിലായി ആന, കുതിര, ഗരുഡന്, ഹംസം, മകരമത്സ്യം, ശാര്‍ദൂല എന്നിവയുടെ പ്രതിമകള്‍ സ്ഥാ പിച്ചിട്ടുണ്ട്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേക പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകള്‍, എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റികള്‍ക്കായി സമ്മേളനമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കടലാസ് രഹിത പാര്‍ലമെന്റില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനികസുരക്ഷാ സംവിധാനവും നിരീക്ഷണസംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും ഗണ്യമായി കുറഞ്ഞ വൈദ്യുതി ഉപഭോഗവും അടിസ്ഥാനമാക്കിയാണ് കെട്ടിടം നിര്‍മിച്ചത്.
ബ്രിട്ടീഷ് വാസ്തു ശില്പികളായ എഡ്വിന് ല്യുട്ടിന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്തതാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം. 1927ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈനാണ് പുതിയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. ബിമല്‍ പട്ടേലാണ് ആര്‍ക്കിടെക്റ്റ്. കേന്ദ്രപൊതുമരാമത്ത് വകുപ്പിന് കീഴില്‍ ടാറ്റാ പ്രൊജക്ട്സ് ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: