ചെന്നൈ: ചരിത്രത്തില്‍ നിന്നും പ്രധാനമന്ത്രി മോദിയും സംഘവും ചെങ്കോലിനെ പൊടിതട്ടിയെടുത്ത് ജനസമക്ഷം പ്രദര്‍ശിപ്പിക്കുമ്പോള്‍ എട്ടരക്കോടി വരുന്ന തമിഴര്‍ക്ക് ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. ഇതോടെ തൊട്ടതിനും പിടിച്ചതിനും തമിഴ് വിരുദ്ധന്‍ എന്ന ലേബല്‍ ചാര്‍ത്തി മോദിയെ തമിഴ് മണ്ണില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സ്റ്റാലിന്റെയും കൂട്ടരുടെയും പതിവ് കളികള്‍ ഇനി നടക്കില്ല.
തമിഴ് ജനത തന്നെ മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ വേരുകളുള്ള ചെങ്കോലിന് നല്കുന്ന പ്രാധാന്യം കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിച്ചറിഞ്ഞതോടെ ഇനി ‘ഹിന്ദി തെരിയാത് പോടാ’ എന്ന ദ്രാവിഡക്കളികള് പഴയതുപോലെ നടക്കുമോ എന്ന് കണ്ടറിയണം. എന്തായാലും ചെങ്കോല്‍ വിവാദം കത്തിനില്ക്കുമ്പോള് സ്റ്റാലിനും ഡിഎംകെയ്ക്കും മൗനമാണ്. ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന് പറയുന്നത് ചെങ്കോല്‍ രാജ്യഭരണത്തിന്റെ പ്രതീകമാണ്, ജനാധിപത്യത്തിന്റേതല്ല എന്നാണ്. എന്തായാലും ഈ വാദമുഖങ്ങള്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല.
1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതിന്റെ പ്രതീകമായി നെഹ്രുവിന് മൗണ്ട് ബാറ്റന് സമ്മാനിച്ച ചെങ്കോല്‍ തമിഴ്നാട്ടിലെ ആഥീനം മഠാധിപതികള്‍ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഈ ചെങ്കോലിനെ മ്യൂസിയത്തില്‍ വെറും ഊന്നുവടി എന്നെഴുതി വെച്ച് കോണ്‍ഗ്രസ് തരംതാഴ്ത്തിയെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ആരോപിക്കുന്നു. മാത്രമല്ല, മെയ് 28ന് മോദി തമിഴ്നാട്ടിലെ തിരുവാവാടുതുറൈ അഥീനത്തിന്റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍ മോദിയ്ക്ക് ചെങ്കോല്‍ കൈമാറുമ്പോള്‍ 1947ല്‍ നടന്ന അതേ ചടങ്ങ് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ ചടങ്ങുകള്‍ കോണ്‍ഗ്രസിനൊപ്പം ഡിഎംകെ ബഹിഷ്കരിക്കുന്നത് സ്റ്റാലിന് വന്‍ തിരിച്ചടിയാണ്. അതേ സമയം എഐഎഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. എട്ടരക്കോടിയോളം വരുന്ന തമിഴ് ജനതയ്ക്ക് ദേശീയ തലത്തില്‍ അഭിമാനം പകരുന്ന ചടങ്ങില്‍ നിന്നും സ്റ്റാലിന് വിട്ടുനില്‍ക്കുന്നതിന് തീര്‍ച്ചയായും സ്റ്റാലിനും കൂട്ടരും ഭാവിയില്‍ സമാധാനം പറയേണ്ടിവരുമെന്ന് തമിഴ്നാട് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ കസേരയ്ക്കടുത്ത് തന്നെ നിത്യസ്മാരകമായി ഇനി ചോളവംശത്തിന്റെ ചരിത്രഗാഥ തുടിക്കുന്ന ചെങ്കോൽ ചെങ്കോല്‍ ഉണ്ടായിരിക്കും. തുല്ല്യതയുടെയും നീതിയുടെയും പ്രതീകമായാണ് ചെങ്കോല്‍ പ്രദര്‍ശിപ്പിക്കുക.
മഹത്തായ തമിഴ് പാരമ്പര്യം രാജ്യത്തിന്റെ നെറുകയിലേക്ക് വരുമ്പോൾ, ഇതിത്രനാളും എവിടെയായിരുന്നു എന്ന വലിയ ചോദ്യം ജനങ്ങൾ ചോദിക്കുമ്പോൾ, ആര്യദ്രാവിഡവാദം എന്ന വിഭജന പ്രത്യയശാസ്ത്രം ഉപയോഗിച്ച് ഇവർ തങ്ങളെ ചരിത്രത്തിൽ നിന്നും അകറ്റുകയായിരുന്നു എന്ന് തമിഴകം തിരിച്ചറിയുമ്പോൾ ഓടിയൊളിക്കാൻ മാളങ്ങളില്ലാതെ കട്ടിങ് സൗത്തുകാർ വിയർക്കുമെന്ന് ഇതേക്കുറിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഷിബു പ്രസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: