അബൂജ : പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച നൈജീരിയയിലെത്തും. മേയ് 29ന് അബുജയിലെ ഈഗിള്‍ സ്ക്വയറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്നാഥ് സിംഗ് പങ്കെടുക്കും.ഈ മാസം 30 വരെ അദ്ദേഹം നൈജീരിയയിലുണ്ടാകും.
സ്ഥാനിമൊഴിയുന്ന പ്രസിഡന്റ് മുഹമ്മദു ബുഹാരി മേയ് 28 ന് ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍ രാജ്നാഥ് സിംഗ് പങ്കെടുക്കും. ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നൈജീരിയയിലെ ആദ്യ സന്ദര്‍ശനമാണിത്. രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന നാഴികക്കല്ലാകും.
ഇന്ത്യയും നൈജീരിയയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണം കണക്കിലെടുത്ത് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത നേതൃത്വവും രാജ്നാഥ് സിംഗിനെ അനുഗമിക്കും. നൈജീരിയന്‍ വ്യവസായ, സായുധ സേന പ്രതിനിധികളുമായി അവര്‍ ചര്‍ച്ച നടത്തും. നൈജീരിയയ്ക്കാവശ്യമുളള പ്രതിരോധ ഉപകരണങ്ങള്‍ മനസിലാക്കാനും അത് ലഭ്യമാക്കാനും ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് ഈ ചര്‍ച്ചകളിലൂടെ കഴിയും.
നൈജീരിയയില്‍ ഏകദേശം 50,000 ഇന്ത്യാക്കാരാണുളളത്. അബുജയിലെ ഇന്ത്യന്‍ പ്രവാസികളെയും രാജ്നാഥ് സിംഗ് അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: