ന്യൂദല്‍ഹി : വില കുറവുളളതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഔഷധ, മെഡിക്കല്‍ ഉപകരണ വ്യവസായികളോട് കേന്ദ്ര രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. വിപണിയില്‍ മത്സരം നിലനില്‍ക്കുന്നതിനാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.ന്യൂദല്‍ഹിയില്‍ ഔഷധ, മെഡിക്കല്‍ ഉപകരണ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔഷധങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് മികച്ച മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉല്‍പ്പാദനം ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അടിസ്ഥാനഘടകങ്ങളായ രാസവസ്തുക്കള്‍ക്കായി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും ഒപ്പമാണെന്നും എന്നാല്‍ വ്യവസായം വളരണമെന്നും ഡോ. മാണ്ഡവ്യ പറഞ്ഞു. കോവിഡ് 19 കാലഘട്ടത്തില്‍ ഔഷധ വ്യവസായത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: