മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ജനജീവിതം സുഗമമാക്കുന്നത് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് എന്നും അദേഹം പറഞ്ഞു. എംടിഎച്ച്എല്ലിന്റെ പ്രത്യേകതയെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
നിര്‍മ്മാണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ വര്‍ഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍) പരിശോധിക്കുകയും ഡെക്ക് സ്ലാബ് സ്ഥാപിക്കല്‍ പൂര്‍ത്തീകരിക്കുന്നതിനായി എംടിഎച്ച്എല്‍ കടക്കുന്ന ആദ്യ ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ 16.5 കിലോമീറ്ററും കടലിനു മേളിലൂടെയാണ്. നവി മുംബൈയും നഗരവും തമ്മിലുള്ള കണ്ക്റ്റിവിറ്റി മെച്ചപ്പെടുത്തി നഗരത്തിലെ തിരക്ക് കുറയ്ക്കാന്‍ പാലം സഹായിക്കും. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയില്‍ നിന്ന് പൂനെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും സഹായിക്കും.
17,800 കോടി രൂപ ചെലവിലാണ് 30.1 മീറ്റര്‍ വീതിയുള്ള ആറുവരിപ്പാലം നിര്‍മിക്കുന്നത്. ലിങ്കിന് മുംബൈയിലെ സെവ്രിയിലും ശിവാജി നഗറിലും എസ്എച്ച്54 ലും നവി മുംബൈ ഭാഗത്ത് എന്‍എച്ച്348ല്‍ ചിര്‍ലെയിലും ഇന്റര്‍ചേഞ്ചുകളുണ്ട്. വാഹനകള്‍ക്ക് മണിക്കൂറില്‍ 100 കി.മീ വേഗത നേടാന്‍ സാധിക്കും.
ജപ്പാന് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജെഐസിഎ)യുടെ ധനസഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പ് അതോറിറ്റി മുംബൈ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി അല്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏജന്‍സിയായ എംഎംആര്‍ഡിഎ ആണ്. 70,000 വാഹനങ്ങള്‍ പ്രതിദിനം പാലം ഉപയോഗിക്കുമെന്നാണ് കണക്ക്. സെന്‍ട്രല്‍ മുംബൈയിലെ സെവ്രിയില്‍ നിന്ന് നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 15 മുതല്‍ 20 മിനിറ്റ് കൊണ്ട് യാത്ര ചെയ്ത് എത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: