മലപ്പുറം :പരാതി നല്‍കിയിട്ട് പരിഹരിക്കാത്തതിനെ തുടര്‍ന്ന് സിപിഎം അനുഭാവി പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറി റസാഖ് പയമ്പോറാട്ടാണ് പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സിപിഎമ്മാണ് മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരിക്കുന്നത്. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാ സഹോദരനുമാണിയാള്.
പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ കെട്ടിത്തൂക്കിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഗ്രാമപഞ്ചായത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് തൂങ്ങി മരണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ഇയാള്‍ തര്‍ക്കത്തില്‍ ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന് ഏതാനും മാസം മുമ്പ് മരിച്ചിരുന്നു. ഇത് മാലിന്യ പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് സഹോദരന്റെ ആരോഗ്യ നില തകരാറിലാകാന്‍ കാരണമന്നാണ് റസാഖ് വിശ്വസിച്ചിരുന്നത്.
വിഷയം പരിഹരിക്കാന്‍ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ നിരാശനായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിലയിരുത്തല്‍. അതേസമയം ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ് റസാഖും ഭാര്യയും. ഇവര്‍ക്ക് മക്കളില്ല. ഇദ്ദേഹം കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാ അക്കാദമി അംഗംകൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: