ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റേയും സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റേയും സ്മരണാര്‍ത്ഥം 75 രൂപാ നാണയം പുറത്തിറക്കുന്നു. രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകും നാണയമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.
ഒരുവശത്ത് അശോകസ്തംഭവും ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ ‘ഭാരത്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന് വലതു വശത്തായി ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തും. നാണയത്തില്‍ റുപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയില്‍ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെയായി ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: