തിരുവനന്തപുരം: അച്ചടി മാധ്യമരംഗം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും പല മാധ്യമങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാനസമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലാസുള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ക്കുള്ള വിലവര്‍ധനയാണ് അച്ചടി മാധ്യമമേഖല നേരിടുന്ന വലിയ പ്രതിസന്ധി. വന്‍കിട പത്രങ്ങള്‍ പോലും പേജുകള്‍ വെട്ടിച്ചുരുക്കുന്നു. പ്രത്യേക സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നു. പാരമ്പര്യമുള്ള ഒരു വാരിക പോലും കഴിഞ്ഞവര്‍ഷം അച്ചടി നിര്‍ത്തിവച്ചു. ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. ഈ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
കേരളം വ്യവസായവത്കരണത്തില്‍ വലിയ കുതിച്ചുചാട്ടത്തിനുള്ള ശ്രമമാണ് നടത്തുന്നത്. അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് തുറന്നു പ്രവര്‍ത്തിച്ചു. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും 12 പത്രങ്ങള്‍ അച്ചടിക്കാനുള്ള കടലാസ് ഇവിടെ നിന്ന് വാങ്ങുന്നു. മികച്ച സ്റ്റാര്‍ട്ടപ്പ് സൗകര്യമുള്ള സംസ്ഥാനം മാറി. നിരവധി ബഹുരാഷ്ട്രകമ്പനികളടക്കം നിക്ഷേപം നടത്താനായി കേരളത്തിലേക്ക് വരുന്നു. കേരളത്തിന്റെ യഥാര്‍ത്ഥ ചരിത്രം മറച്ചുവയ്ക്കാനാണ് കേരള സ്റ്റോറി എന്നു പറഞ്ഞു കൊണ്ടുവരുന്നത്. നല്ലത് കാണാതിരിക്കുക, മറ്റൊരു തരത്തില്‍ കേരളത്തെ ചിത്രീകരിക്കുക. സത്യവിരുദ്ധമായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പെന്ഷന് പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിനായി പ്രത്യേക പെന്ഷന് ഫണ്ട് രൂപീകരിക്കും. പെന്ഷന് ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാരിനു മുന്നിലുള്ള ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തമ്പാനൂര്‍ ബിടിആര്‍ ഭവനില്‍ നടന്ന സമ്മേളനത്തില്‍ കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷനായി. എം. വിന്‍സന്റ് എംഎല്‍എ, വി.ജോയി എംഎല്‍എ, കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ബാബു, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: