അമ്പലപ്പുഴ: ഡോക്ടര്‍മാരുടെ അഭാവം, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശു രോഗ സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. അഞ്ച് ഡോക്ടര്‍മാരുണ്ടായിരുന്ന സര്‍ജറി ഒപി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്ഥലം മാറിപ്പോയ രണ്ട് ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ഒരു ഡോക്ടര്‍ അവധിയിലുമാണ്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
ഒപിയിലെ അമിത ജോലി ഭാരത്തിന് ശേഷം ഈ ഡോക്ടര്‍മാര്‍ വീണ്ടും തീയേറ്റര്‍ ജോലിയും ചെയ്യേണ്ട സ്ഥിതിയാണ്. ഇവരെ സഹായിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍, പിജി, ഹൗസ് സര്‍ജന്റ്സ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടില്ല. ഇതോടെ തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ ഒപി വൈകിട്ട് മൂന്നിന് ശേഷം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മറ്റൊരു ആശുപത്രിയിലും ശിശുരോഗ സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരാണ് എല്ലാ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.
എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കണമെന്നു കാട്ടി ആശുപത്രി അധികൃതര്‍ പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: