ആകാശ് മധ്വാള് എന്ന ബോളര്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സംസാരിക്കപ്പെടുന്ന താരം. മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ മരിക്കണോ ജീവിക്കണോ എന്ന് നിശ്ചയിച്ച കഴിഞ്ഞ ദിവസത്തെ കളിയിലെ പ്രകടനം താരത്തെ വലുതായി തന്നെ അടയാളപ്പെടുത്തിക്കളഞ്ഞു. 3.3 ഓവര്‍ എറിഞ്ഞ് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ്.
29, വയസ്സ്, സിവില്‍ എന്‍ജിനിയറാണ്, ഉത്തരാഖണ്ഡിലെ റൂര്‍ക്ക സ്വദേശം. അഞ്ച് വര്‍ഷമായി ഐപിഎല്ലിന്റെ ഭാഗം. എന്നിട്ടും ഈ സീസണിന്റെ പാതി പിന്നിട്ടപ്പോളാണ് ആകാശ് മധ്വാള് എന്ന പേര് പലരും കാണുവാനും കേള്‍ക്കുവാനും തുടങ്ങുന്നത് തന്നെ. 2019ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആര്‍സിബി) നെറ്റ് ബോളറായാണ് ഐപില്ലിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് സീസണുകളില്‍ നെറ്റ് ബോളര്‍ പദവിയില്‍ തുടര്‍ന്നു. ഇടയ്ക്കൊരു സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറ്റം. അപ്പോഴും പദവിയില്‍ മാറ്റമില്ല. 2022ലെ കഴിഞ്ഞ സീസണില്‍ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റ് കളിക്കാനാവില്ലെന്ന സ്ഥിതിയായപ്പോള്‍ ടീം അംഗമാക്കുവാന്‍ തീരുമാനിച്ചു. അത്രമാത്രമേ ഉണ്ടായുള്ളൂ. ഒരു മത്സരത്തില്‍ പോലും താരത്തെ കളിക്കാരനായി ഇറക്കിയില്ല. ഇക്കൊല്ലം സീസണെത്തി. സൂര്യകുമാര്‍ തിരിച്ചെത്തി. എന്നിട്ടും നെറ്റ്ബോളര് പദവിയിലേക്ക് മുംബൈ ഇന്ത്യന്‍സ് തരംതാഴ്ത്തിയില്ല. ടീമില്‍ നിലനിര്‍ത്തി. അപ്പോഴും കളിക്കാനിറക്കിയില്ല.
ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ച സീസണ് കൂടിയാണ് ഇത്തവണത്തേത്. മുംബൈ ഇന്ത്യന്‍സ് തുടക്കം മുതലേ അവസരം നല്‍കിയെങ്കിലും അര്ജുന് ഒട്ടും ശോഭിക്കാനായില്ല. ജസ്പ്രീത് സിങ് ബുംറ എന്ന സ്റ്റാര്‍ ബോളറുടെ ഒഴിവ് നികത്താനാവാത്തതിന്റെ പ്രയാസം അനുഭവിച്ചുവരികയായിരുന്നു മുംബൈ ഇന്ത്യന്‍സ്. അര്ജുന് തെണ്ടുല്‍ക്കറും നിരാശപ്പെടുത്തിയതോടെ ആകാശ് മധ്വാളിനെ പരീക്ഷിച്ചു നോക്കാന്‍ നായകന് രോഹിത് ശര്‍മ്മ പന്ത് ഏല്‍പ്പിച്ചു. മുംബൈയ്ക്ക് ഫൈനലിന് സമാനമായിരുന്ന ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു- ‘ഞങ്ങളിതാ ബുംറയുടെ ഒഴിവ് നികത്തിയിരിക്കുന്നു’.
ഇതിനോട് ആകാശിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. ബുംറ ബയ്യയുടെ ഒഴിവ് നികത്താന്‍ പോന്ന ആളൊന്നുമായിട്ടില്ല ഞാന്‍, ചെയ്യുന്നത് ചെറുപ്പം മുതല്‍ കൊണ്ടു നടന്ന പാഷന് നടപ്പാക്കലാണ്. ആര്‍സിബിക്കുവേണ്ടി നെറ്റ് ബോളറായിരുന്ന കാലത്തും കാത്തുസൂക്ഷിച്ചത് ഇതേ പാഷന് തന്നെയാണ്. എന്‍ജിനീയറിങ് പാസായ ഞാന്‍ ജോലി വരെ ഉപേക്ഷിച്ച് പാഷന് പിന്നാലെ പാഞ്ഞു, ഒരു സമ്പന്ന ചുറ്റുപാടില്‍ നിന്നുള്ളയാളല്ല ഞാന്‍, എന്നിട്ടും ബോള്‍ ചെയ്യുന്നു. എന്തെന്നാല്‍ ഇതെന്റെ പാഷനാണ്, അത് ഞാന്‍ തുടരുകതന്നെ ചെയ്യും- ആകാശ് മാധ്വാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: