രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വനിതാ സംഗമം തൊഴിലാളികള്‍ക്ക് പൊതുവെയും സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സമൂഹത്തിനാകെത്തന്നെയും നിരവധി സന്ദേശങ്ങളും പുതിയൊരു ദിശാബോധവും നല്‍കുന്നതാണ്. 3500 ലധികം വനിതകള്‍ പ്രതിനിധികളായി പങ്കെടുക്കുകയും, വനിതകള്‍ തന്നെ നിയന്ത്രിക്കുകയും ചെയ്ത സമ്മേളനം ആത്മവിശ്വാസത്തിന്റെ അലകളുയര്‍ത്തിയിരിക്കുകയാണ്. തൊഴിലാളി സംഘടനാ ചരിത്രത്തില്‍ ആദ്യമായാണ് വനിതകളുടെ മുന്‍കയ്യില്‍ വനിതാ തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഇങ്ങനെയൊരു സമ്മേളനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമൂഹത്തില്‍ വനിതകളോടുള്ള അവഗണനയും, അവര്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിവേചനങ്ങളും തൊഴിലിടങ്ങളിലെ സ്ത്രീകളും നേരിടുന്നുണ്ട്. തൊഴില്‍ സമയത്തിന്റെ കാര്യത്തിലായാലും വേതനത്തിന്റെ കാര്യത്തിലായാലും രണ്ടാംതരം പൗരന്മാരായി സ്ത്രീകളെ കാണുന്ന രീതിയുണ്ട്. തുല്യജോലിക്ക് തുല്യ വേതനം എന്ന തത്വം സ്ത്രീ തൊഴിലാളികളുടെ കാര്യത്തില്‍ നടപ്പാക്കാത്ത മേഖലകള്‍ ഇപ്പോഴും നിരവധിയാണ്. പുരുഷന്മാരായ തൊഴിലാളികള്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ക്കുവേണ്ടി സ്ത്രീ തൊഴിലാളികള്‍ക്ക് ഇക്കാലത്ത് സമരം ചെയ്യേണ്ട അവസ്ഥയാണ്. അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യില്ല എന്ന കാരണത്താലാണ് പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്കെടുക്കുന്നത്. ശമ്പളം ലഭിക്കാത്തതിനെതിരെ തൊഴില്‍ ചെയ്തുകൊണ്ടുതന്നെ സമാധാനപരമായി പ്രതിഷേധിച്ച ഒരു വനിതാ ജീവനക്കാരിക്കെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ നടപടിയെടുത്തത് ആരും വിസ്മരിച്ചിട്ടുണ്ടാവില്ലല്ലോ.
ജി-20 യുടെ പ്രവര്‍ത്തന കൂട്ടായ്മകളിലൊന്നായ ലേബര്‍-20യുടെ ഭാഗമായാണ് തിരുവനന്തപുരത്ത് ദൃഷ്ടി 2023 എന്ന പേരില്‍ വനിതാ സംഗമം സംഘടിപ്പിച്ചത്. ജി-20 രാഷ്ട്രങ്ങളിലെ തൊഴിലാളി യൂണിയന് നേതാക്കളും പ്രതിനിധികളും അടങ്ങുന്നതാണ് ലേബര്‍ -20. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശുപാര്‍ശകള്‍ നല്‍കുകയാണ് ഇതിന്റെ ചുമതല. ഇന്ത്യ ജി-20 അധ്യക്ഷ പദവി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്ന നിലയ്ക്ക് ബിഎംഎസിനാണ് ലേബര്‍ 20 യുടെ ഇത്തവണത്തെ അധ്യക്ഷ പദവി. ഇതിന്റെ ആദ്യ സമ്മേളനം ഈ വര്‍ഷം മാര്‍ച്ചില്‍ പഞ്ചാബിലെ അമൃതസറില്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിച്ചത്. ജി-20 അധ്യക്ഷ പദവി വഹിച്ചുകൊണ്ട് വനിതകളുടെ ഡിജിറ്റല്‍-സാമ്പത്തിക ഉള്‍ക്കൊള്ളല്‍, വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍, വനിതകളുടെ നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരല്‍ തുടങ്ങിയവയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിന്റെ സമഗ്ര വികസനവും സ്വാശ്രയത്വവും നേടിയെടുക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത് വനിതാ ശാക്തീകരണത്തിന് മുന്‍ഗണന നല്കുന്നു. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, മുദ്ര യോജന, മിഷന് പോഷണ്‍ മുതലായ പദ്ധതികള്‍ വനിതാക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ളതാണ്. നാരീശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു ഭരണസംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായും മാറ്റത്തിന്റെ പ്രതിനിധിയായും വനിതകള്‍ മാറണമെന്ന ചിന്തയാണ് ഇതിനു പിന്നില്‍.
ഈ ആശയങ്ങളും ലക്ഷ്യങ്ങളുമൊക്കെ പ്രതിധ്വനിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമം. രാഷ്ട്രീയ-ഭരണ രംഗത്തെ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടകയായെത്തിയത് പരിപാടിയുടെ തിളക്കം വര്‍ധിപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ തൊഴിലിടങ്ങളില്‍പ്പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന കേരളത്തിലെ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള സ്മൃതി ഇറാനിയുടെ പ്രസംഗം ആവേശോജ്വലമായിരുന്നു. വനിതാ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയും, അതിനോട് ക്രിയാത്മകമായി പ്രതികരിക്കാതെ സ്ത്രീകളെ വഞ്ചിക്കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സ്മൃതി ഇറാനി സമ്മേളനത്തിനെത്തിയവര്‍ക്കു മാത്രമല്ല, ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകള്‍ക്കും പ്രചോദനം നല്കി. മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് രാഷ്ട്രീയ നേട്ടത്തിന്റെ ഉപകരണങ്ങളാക്കി മാറ്റി തൊഴിലാളികളെ വഞ്ചിക്കുന്ന ഇടതുസര്‍ക്കാരിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ചത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ സംസ്ഥാന വിഹിതം കേന്ദ്ര സര്‍ക്കാരിന്റെതിന് തുല്യമാക്കുക എന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. ഇത് തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവരുടെ വഞ്ചന തുറന്നുകാട്ടുന്നതാണ്. ചുരുക്കത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാക്ഷേമത്തിന്റെയും മുന്നേറ്റ പാതയില്‍ ഒരു കുതിച്ചുചാട്ടമാണ് ദൃഷ്ടി 2023 എന്ന വനിതാ സംഗമം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: