തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ എത്രയും വേഗം വയനാട്ടില്‍ നിന്നും തള്ളിക്കളയാന്‍ കേരളത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതല്ലെങ്കില്‍ വയനാടിന് അമേഠിയുടെ ദുര്‍ഗതി വരുമെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. വയനാട് ഒരിയ്ക്കലും ഇങ്ങിനെ ഒരു ദുര്‍വിധിയിലേക്ക് പോയിക്കൂടെന്നും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്കി.
കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി, ബിഎംഎസ് സംഘടിപ്പിച്ച സംസ്ഥാന തല വനിതാ തൊഴില്‍ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാഹുല്‍ഗാന്ധി അമേഠി എംപിയായിരുന്ന കാലത്ത് അവിടെ അടിസ്ഥാന സൗകര്യവികസനവും വികസന സംരംഭങ്ങളും നിശ്ചലമായിരുന്നുവെന്ന്, 2019ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്പിക്കുക കൂടി ചെയ്ത സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്നും പറഞ്ഞയച്ചത് താനാണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും പൊയ്ക്കഴിഞ്ഞപ്പോള്‍ താന്‍ വൈദ്യുതി കണക്ഷന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാ സേവനങ്ങള്‍, ഭരണസംവിധാനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപരമായ ആവശ്യങ്ങളെല്ലാം കുറേശ്ശെയായി മെച്ചപ്പെടുത്തിയെന്നും സ്മൃതി ഇറാനി ഓര്‍മ്മിപ്പിച്ചു.
“ഉത്തര്‍പ്രദേശില്‍ നിന്നും രാഹുലിനെ വയനാട്ടിലേക്ക് പറഞ്ഞയച്ചത് ഞാനാണ്. രാഹുല്‍ അമേഠിയില്‍ എംപിയായിരുന്നപ്പോള്‍ അവിടുത്തെ 85 ശതമാനം പേര്‍ക്കും വൈദ്യുതി ഇല്ലായിരുന്നു. ജില്ലാ കളക്ടറുടെ ഓഫീസില്ലായിരുന്നു. ഫയര്‍ സ്റ്റേഷനോ മെഡിക്കല്‍ കോളെജോ കേന്ദ്രീയ വിദ്യാലയയോ സൈനിക സ്കൂളോ, ജില്ലാ ആശുപത്രിയോ ഡയാലിസിസ് സെന്ററോ, എക്സ് റേ മെഷീനോ ഇല്ലായിരുന്നു. അദ്ദേഹം പോയപ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാധ്യമാക്കി.”- സ്മൃതി ഇറാനി പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ കോട്ട തകര്‍ത്ത സ്മൃതി ഇറാനി
2014ല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നിരന്തരപ്രവര്‍ത്തനത്തിലൂടെ 2019ല്‍ സ്മൃതി ഇറാനി വന്‍ഭൂരിപക്ഷത്തില്‍ അമേഠിയില്‍ ജയിച്ചു കയറി. ഇനിയും അമേഠിയില്‍ ഒരു കൈനോക്കാനുള്ള ആത്മധൈര്യമില്ലാതെ, രാഹുല്‍ ഗാന്ധി പിന്നീട് വയനാട് തന്റെ കേന്ദ്രമാക്കുകയായിരുന്നു. അതോടെ സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ കോട്ടയായ അമേഠി ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത കോട്ട അല്ലാതായി.
തോല്‍വി മുന്‍പേ മണത്ത രാഹുല്‍ ഗാന്ധി 2019ല്‍ അമേഠിയിലും വയനാട്ടിലും രണ്ടിടത്തായി മത്സരിച്ചു. അതില്‍ അമേഠി കൈവിട്ടപ്പോള്‍ വയനാട്ടില്‍ ജയിച്ചു. മോദിമാരെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ 2023 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാന നഷ്ടമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: