ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ 16-ാം സീസണ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ആദ്യ അങ്കം ഇന്ന്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാണ് വേദി. സമയം രാത്രി 7.30. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗ് റൗണ്ടിലെ ഒന്നാമന്മാരായി ഇറങ്ങുമ്പോള്‍ രണ്ടാമതെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ് എതിരാളികള്‍. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്നവരെ തോല്‍പ്പിച്ചാല്‍ ഫൈനലിലെത്താം.
14 കളികളില്‍ നിന്നും പത്ത് വിജയം നേടി 20 പോയിന്റുമായി രാജകീയമായാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവ്. നാല് കളികളാണ് ഈ ടീം സീസണില്‍ പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യന്മാരായി സീസണില്‍ ഇറങ്ങിയ ഗുജറാത്തിന് വലിയ പോരായ്മകളൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ സീസണിലെ ലീഗ് റൗണ്ട് പൊതുവില്‍ കലുഷിതമായിരുന്നു. അവസാന ലാപ്പിലാണ് പ്ലേ ഓഫ് ടീമുകളില്‍ മൂന്ന് പേരും യോഗ്യത നേടിയത്. അത്രയും വെല്ലുവിളി നിറഞ്ഞ സീസണില്‍ നേരത്തെ ഒന്നാമതെത്തി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ സാധിച്ച ഗുജറാത്തിനെ ഇന്നത്തെ കളിയില്‍ ഒരു തരത്തിലും എഴുതിത്തള്ളാനാവില്ല. കഴിഞ്ഞ സീസണില്‍ ആരംഭിച്ച ടീം ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ചാമ്പ്യന്മാരായി. ഇപ്പോള്‍ പ്ലേഓഫിലെത്തി നില്ക്കുമ്പോള് ഇന്ന് നേരിടുന്ന ചെന്നൈയുമായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു തന്നെ നില്‍ക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജനിച്ച ഗുജറാത്തിനോട് ഇതുവരെ കളിച്ച മൂന്ന് കളിയും തോറ്റു എന്ന ഖ്യാതിയോടെയാണ് ധോണിയും കൂട്ടരും ഇന്ന് ഹോം പിച്ചായ ചെപ്പോക്കില്‍ ഇറങ്ങുന്നത്. ശനിയാഴ്ച ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയിച്ചാണ് ഈ സംഘത്തിന് ഇത്തവണ പ്ലേഓഫ് ഉറപ്പിക്കാന്‍ സാധിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ ഹോം പിച്ചില്‍ 77 റണ്‍സിന് തകര്‍ത്തുകൊണ്ടായിരുന്നു ചെന്നൈ രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്തിയത്. ഗുജറാത്തിനെ ഇതുവരെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് തോല്‍പ്പിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ധോണിക്കും സംഘത്തിനും ഒരിക്കല്‍ കൂടി കലാശപ്പോരിലേക്ക് നേരിട്ട് യോഗ്യത നേടാം.
ഇന്നത്തെ രണ്ട് ടീമുകളില്‍ ആര് തോറ്റാലും അവര്‍ ഇന്നുതന്നെ പുറത്താകില്ല. ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എലിമിനേറ്ററില്‍ ജയിക്കുന്നവരെ വെള്ളിയാഴ്ച തോല്‍പ്പിച്ചാല്‍ മതിയാകും. അതേസമയം നാളെ തോല്‍ക്കുന്നവര്‍ പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: