അടിമാലി: ജയിലിലുള്ള പിഎഫ്ഐ ഭീകരന്റെ, മാങ്കുളത്തെ റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. വിവാദമായതോടെ ലൈസന്‍സ് പുതുക്കി നല്‍കിയത് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി റദ്ദാക്കി.
മൂവാറ്റുപുഴ സ്വദേശി എം. കെ. അഷറഫിന്റെ (തമര് അഷറഫ്) പേരിലുള്ളതാണ് മാങ്കുളത്തെ വില്ല വിസ്ത റിസോര്‍ട്ട്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് മൂന്നാര്‍ ഡിവൈഎസ്പി അലക്സ് ബേബി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല് പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി). എന്നാല്‍ അപേക്ഷ പരിഗണിച്ച് ക്ലാര്‍ക്ക് ഇത് ‘നോക്കാതെ’ പിസിസി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈനില്‍ ശരി അടയാളപ്പെടുത്തി. സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥനും ‘ഇക്കാര്യം ശ്രദ്ധിച്ചില്ല’. ലഭിച്ച അപേക്ഷയില്‍ ആവശ്യമായ ‘രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ’ പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്കി.
പിന്നാലെ നാട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ മൂവരേയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാര്‍ ഡിവൈഎസ്പി ജന്മഭൂമിയോട് പറഞ്ഞു. ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് ക്ലര്‍ക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നല്കി. എന്നാല്‍ തങ്ങളാരും സാമ്പത്തിക ലാഭത്തിനായി അല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. വിഷയത്തില്‍ കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയതായും ഡിവൈഎസ്പി പറഞ്ഞു.
ഇ ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ഈ റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. കൈവെട്ട് കേസിലെ 3-ാം പ്രതിയായ തമര് അഷറഫ് പിഎഫ്ഐയുടെ തന്നെ ഒരു കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ജയിലിലാണ്. മകനാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് അപേക്ഷ നല്‍കിയത്.
മൂന്ന് വര്‍ഷമായി ഓരോ വര്‍ഷവും ഈ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതാണ് പതിവെന്നും ഇത്തവണയും അങ്ങനെയാണ് നല്‍കിയതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന് പറയുന്നത്. എന്നാല്‍ രേഖകളുടെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റി. ഇതില്‍ സെക്രട്ടറി വിശദീകരണം തേടി കത്ത് നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേ സമയം വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: