ഡെറാഡൂണ്‍: മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ കൂടിയായ യശ്പാല്‍ മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മകളുടെ സന്തോഷം എന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിവാഹം യശ്പാല്‍ വേണ്ടെന്ന് വെച്ചത്.
വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ശക്തമായ എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്, ഭൈരവ് സേന എന്നീ സംഘടനകള്‍ എതിര്‍പ്പുമായി എത്തി. ഇത് ലവ് ജിഹാദാണെന്നും ബിജെപി നേതാവായിരിക്കെ മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ടായി.
മകള്‍ക്ക് കേരള സ്റ്റോറി സിനിമയിലെ അനുഭവമുണ്ടാകുമെന്നും ചിലര്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. യശ്പാലിന്റെ മകള്‍ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പൗരി ക്ഷേത്രകമ്മിറ്റിയും പ്രതികരിച്ചിരുന്നു. ബിജെപിയുടെ സ്വന്തം നേതാക്കള്‍ തന്നെ തങ്ങളുടെ പെണ്മക്കളെ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നത് ശരിയല്ലെന്നും ക്ഷേത്രകമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ യശ്പാലിന്റെ കോലവും കത്തിച്ചിരുന്നു.
ഇതോടെ മനം മടുത്ത യശ്പാല്‍ മകളുടെ വിവാഹം റദ്ദാക്കി. പൗരിയിലെ റിസോര്‍ട്ടിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നേരത്തെ ലഖ്നൗ സര്‍വ്വകലാശാലയില്‍ പഠിയ്ക്കുമ്പോഴാണ് യശ്പാലിന്റെ മകള്‍ മുസ്ലിം യുവാവുമായി പ്രണയത്തിലായത്. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് യശ്പാല്‍ വിവാഹത്തിന് സമ്മതിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: