മുഖ്യമന്ത്രി പിണറായി വിജയന് കാലം കാത്തു വച്ചിരിക്കുന്ന മറുപടി എന്തായിരിക്കും? വരുംകാല ചരിത്രത്തില്‍ പിണറായി വിജയനെ കേരളം എങ്ങനെ അടയാളപ്പെടുത്തും? കേരളരാഷ്‌ട്രീയത്തില്‍ ഒരുപക്ഷേ, എതിരാളികളെ ഏറ്റവും മോശം പദപ്രയോഗം കൊണ്ട് വിശേഷിപ്പിക്കുകയും പിന്നീട് പൊതുജനങ്ങള്‍ അതേ പേരില്‍ വിളിക്കുകയും ചെയ്ത ഏക രാഷ്‌ട്രീയ നേതാവ് പിണറായി വിജയനായിരിക്കും. കുലംകുത്തി, പരനാറി, ക്ഷുദ്രജീവി തുടങ്ങി ഉജ്ജ്വലമായ പദസമ്പത്ത് കേരള രാഷ്‌ട്രീയത്തിന് സംഭാവന ചെയ്തതിന്റെ മികവും കിരീടവും പിണറായി വിജയനു തന്നെ അവകാശപ്പെട്ടതാണ്. നിയമസഭയില്‍ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടിയ പഴയ ഹരിപ്പാട് എംഎല്‍എ സി.ബി.സി വാര്യരും സ്പീക്കറുടെ ഡയസില്‍ ആനന്ദനൃത്തമാടിയ വി. ശിവന്‍കുട്ടിയുമൊക്കെ സിപിഎമ്മിന്റെ മുത്തുകളാണ്. ഇവരുടെയൊക്കെ ഏതു പ്രവൃത്തികളെയും കടത്തിവെട്ടുന്ന ചുണക്കുട്ടന്‍ തന്നെയാണ് പിണറായി വിജയന്‍.
തന്നെ അനുസരിക്കാത്ത സത്യസന്ധനായ ഏത് ഉദ്യോഗസ്ഥനെയും ഏതുവിധേനയും നശിപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത മൂന്നാംകിട മനോഭാവമാണ് എന്നും പിണറായി വിജയനെ നയിച്ചിട്ടുള്ളത്. പിണറായി, വൈദ്യുതി മന്ത്രിയായിരിക്കെ ഒരു ഇടപാടിന്റെ ഫയലില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനഷ്ടം വിശദീകരിച്ച അന്നത്തെ ധനകാര്യ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണമെന്ന് രേഖപ്പെടുത്തിയ പ്രതിഭാധനനാണ് പിണറായി. സിവില്‍ സര്‍വീസില്‍ കേരളത്തിന്റെ വാഗ്ദാനമായിരുന്ന വി. രാജഗോപാല്‍, എസ്എന്‍സി ലാവ്ലിന്‍ കേസ് അടക്കം പല കേസുകളിലും പിണറായി വിജയന്റെ കണ്ണിലെ കരടായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞതിനുശേഷം ധനകാര്യ സെക്രട്ടറിയായി നിയമിതനായ വി. രാജഗോപാല്‍ ജോലിക്കിടെ സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദവും പീഡനവുമാണ് മരണകാരണമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്കിലും വെറും കടലാസ് പുലികള്‍ മാത്രമായ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും മറ്റും പൂര്‍ണ്ണ നിശബ്ദത പാലിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പോരടിച്ചു നില്‍ക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് രാജഗോപാലിന്റെ കുടുംബം പോലും ഒരു പരാതി നല്‍കിയില്ല.
പിണറായി വിജയന്റെ ഇത്തരം പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് എന്തിനാണെന്ന് ഒരുപക്ഷേ സംശയിച്ചേക്കാം. ഏതു ഉദ്യോഗസ്ഥനെയും എന്ത് അഴിമതി കാട്ടിയാലും ഒപ്പം നിര്‍ത്തി സംരക്ഷിക്കാനും അതേപോലെ ചെറിയ കൊതിക്കെറുവോ അസൂയയോ തോന്നിയാല്‍ അവന്റെ ഔദ്യോഗികജീവിതം കുളമാക്കാനും ഒരു മടിയുമില്ലാത്ത ആളാണ് പിണറായി. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ഐജി പി. വിജയന്‍. കേരള പോലീസില്‍ കാര്യക്ഷമതയുടെയും സത്യസന്ധതയുടെയും പ്രതീകങ്ങളായ, വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം.
ജീവിതയാഥാര്‍ത്ഥ്യങ്ങളോട് മല്ലടിച്ച്, കല്ലു ചുമന്നും കൂലിപ്പണിയെടുത്തും പഠിച്ച്, സിവില്‍ സര്‍വീസില്‍ എത്തിയ ആള്‍. സര്‍വീസില്‍ ഉടനീളം ഇന്നുവരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. കേരള പോലീസിന്റെ ഏറ്റവും അഭിമാനാര്‍ഹങ്ങളായ നിരവധി പരിപാടികള്‍ പി. വിജയന്റെ സംഭാവനയായിരുന്നു. സ്റ്റുഡന്റ് പോലീസും, പുണ്യം പൂങ്കാവനവും, സേഫ് കാമ്പസ് എന്ന പേരിലുള്ള ലഹരി വിരുദ്ധ പരിപാടിയും, ഷാഡോ പോലീസും ഒക്കെ വിജയന്‍ ആവിഷ്‌കരിച്ചതാണ്. എസ്എസ്എല്‍സിയുടെയും പ്ലസ്ടുവിന്റെയും പരീക്ഷാഫലം വരുമ്പോള്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ നിരാശമൂലം ആത്മഹത്യ ചെയ്യാതിരിക്കാന്‍ അവര്‍ക്ക് ആശ്വാസം നല്‍കി വിജയത്തിലേക്ക് നയിക്കാനുള്ള പദ്ധതിയും വിജയന്റേതായിരുന്നു.
ഒരു കോണ്‍സ്റ്റബിളിനെ പോലും സസ്പെന്‍ഡ് ചെയ്യാന്‍ വകുപ്പില്ലാത്ത ദുര്‍ബലമായ ആരോപണം ചുമത്തിയാണ് വിജയന്റെ സര്‍വീസില്‍ പിണറായി വിജയന്‍ കളങ്കം ചാര്‍ത്തിയത്. എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ കൊണ്ടുവരുന്നത് സംബന്ധിച്ച വാര്‍ത്ത ഒരു മാധ്യമത്തിന് ചോര്‍ത്തിക്കൊടുത്തു എന്നതാണ് ആരോപണം. ഇതിന് എന്താണ് തെളിവ്? വിജയന്‍ മാത്രമാണോ ഇക്കാര്യം അറിഞ്ഞത്? അന്വേഷണ ഉദ്യോഗസ്ഥനായ എം.ആര്‍ അജിത്കുമാറിന് മാധ്യമപ്രവര്‍ത്തകരുമായി ബന്ധമില്ലേ? പ്രതിയെ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്ര പോലീസിന് മാധ്യമങ്ങളുമായി ബന്ധമില്ലേ? പ്രതിയെ കൊണ്ടുവന്ന വഴിയിലെ ഏതു പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് ബീറ്റ് നോക്കുന്ന ഏതു മാധ്യമപ്രവര്‍ത്തകനും ലഭിക്കാവുന്ന ഒരു വാര്‍ത്തയുടെ പേരില്‍ ഇത്രയും മികച്ച ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്, അദ്ദേഹത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയത്, എങ്ങനെ ന്യായീകരിക്കും? പ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ എത്ര പേര്‍ക്കെതിരെ നടപടിയെടുത്തു? ഇവിടെയാണ് ഇതിന്റെ പിന്നിലെ രാഷ്‌ട്രീയം വ്യക്തമാകുന്നത്.
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയില്‍ പി. വിജയന്റെ പേര് പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അന്ന് തുടങ്ങിയതാണ് പിണറായിയുടെയും ഓഫീസിന്റെയും ചൊറിയല്‍. മന്‍ കി ബാത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പി. വിജയനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് അദ്ദേഹം പോയില്ല. ഭാരതത്തിന്റെ പ്രധാനമന്ത്രി ഒരു ഔദ്യോഗിക പരിപാടിക്ക് പങ്കെടുക്കാന്‍ ക്ഷണിക്കുമ്പോള്‍ അഖിലേന്ത്യാ സര്‍വീസില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന് അനുമതി നിഷേധിക്കാന്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് കഴിയുക? മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയില്ലെങ്കിലും അറിയുന്ന ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നിശബ്ദതയും നിസംഗതയുമാണ് ഈ സസ്പെന്‍ഷനിലേക്ക് വഴിവെച്ചത്. പി. വിജയന്റെ ഡല്‍ഹി യാത്രക്ക് അനുമതി നിഷേധിച്ച പിണറായി വിജയന്റെ ദുബായ് യാത്രയും പിന്നീട് സജി ചെറിയാന്റെ യാത്രയും സാധമാകാതെ പോയത് മറക്കരുത്. ഇപ്പോള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും അപ്പപ്പോള്‍ തന്നെ മറുപടി കിട്ടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അസൂയയ്‌ക്ക്, കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ മാതൃകയും പ്രേരകശക്തിയുമായ ഒരു നല്ല ഓഫീസറുടെ കരിയര്‍ ചീത്തയാക്കിയതിന് ഇന്നല്ലെങ്കില്‍ നാളെ പിണറായിയോട് കാലം കണക്ക് ചോദിക്കും.
ഡോ. ടി.പി. സെന്‍കുമാറിനോട് ചെയ്ത അനീതിക്ക് സുപ്രീംകോടതിയില്‍ നിന്ന് കിട്ടിയ ചെകിട്ടത്തടി മറക്കരുത്. സരിതയുടെ മൊഴി വെച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് വഴങ്ങാതിരുന്ന എ. ഹേമചന്ദ്രനെ അനഭിമതനാക്കിയെങ്കിലും ആ നിലപാട് സത്യമാണെന്ന് തെളിഞ്ഞു. പാര്‍ട്ടിക്കാര്‍ അല്ലാത്ത ആരെയും വിശ്വാസമില്ലാത്ത പിണറായിയുടെ നിലപാടാണ് ഈ സസ്പെന്‍ഷനിലും നിഴലിക്കുന്നത്. സാക്ഷരതയും സംസ്‌കാരവും ഉണ്ടെന്ന് അഭിമാനിക്കുന്ന എത്ര മലയാളികള്‍ ഇക്കാര്യത്തിലും പ്രതികരിച്ചു? പക്ഷേ, ചരിത്രത്തില്‍ കാലത്തിന്റെ ചുവരില്‍ പിണറായിയെയും അടയാളപ്പെടുത്തുന്നത് കരിക്കട്ട കൊണ്ട് തന്നെയായിരിക്കും. അദ്ദേഹം ടി.പി ചന്ദ്രശേഖരനെയും എന്‍.കെ പ്രേമചന്ദ്രനെയും വിളിച്ച അതേ പേരുകളില്‍. കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: