തിരുവനന്തപുരം : പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി പാസായതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് യുവാവിന്റെ ശല്യം സഹിക്കാതെയെന്ന് ആരോപണം. മരിച്ച രാഖിശ്രീയുടെ അച്ഛനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചിറയിന്‍കീഴ് പുളിമൂട് കടവ് സ്വദേശിയായ യുവാവില്‍ നിന്നുള്ള ശല്യം സഹിക്കാതെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതാണെന്ന് അച്ഛന് അറിയിച്ചു.
ആറ് മാസം മുന്നേ ഒരു ക്യാമ്പില്‍ വെച്ചാണ് രാഖിശ്രീ യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ രാഖിശ്രീക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ഇയാള്‍ നിരന്തരം മകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തിയിരുന്നെന്നും അടുത്തിടെ ബസ് സ്റ്റോപ്പില്‍ തടഞ്ഞു നിര്‍ത്തി രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഖിശ്രീയെ വീട്ടിലെ ശുചി മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ ആര്.എസ് (ദേവു-15). കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ സ്കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രാഖിശ്രീയും ഒത്തുകൂടിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: