കോഴിക്കോട് : കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ.കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. ഇത് അവരുടെ പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു. പക്വതയോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് കെസിബിസി നേതൃത്വം. അങ്ങനെ നിൽക്കാൻ അവരോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലർ മരിച്ചുപോയവരുടെ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ കലക്ടർ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹർജികൾ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാൻ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയിൽ പോയേക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: