തിരുവനന്തപുരം: എല്ലാ രാജ്യങ്ങളുടെയും വികസനത്തിന്റെ അടിത്തറയെന്നത് വിദ്യാഭ്യാസമാണെന്നും അതുകൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവില്‍ 20 യുടെ (സി 20) എഡ്യുക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സമ്മേളനം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമഗ്രവികസനത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും നൈപുണ്യ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ പടര്‍ന്നു പിടിക്കുന്ന ലഹരിയുടെ ഉപയോഗവും ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും കാരണം സങ്കുചിതമായ ഒരു പരിതസ്ഥിതിയാണ് ഇന്നുള്ളതെന്നും നമ്മള് വിചാരിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്നും സമ്മേളനത്തില്‍ നല്കിയ സന്ദേശത്തില്‍ സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി പറഞ്ഞു. മനുഷ്യജീവിതത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ച വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് വേണ്ടതെന്ന് സി 20 ട്രോയ്ക മെമ്പറും മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ബ്രസീലിലെ മുന്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ.ലൂയിസ് ക്ലോഡിയോ കോസ്റ്റ, മൗറീഷ്യസിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറുമുഖം പരശുരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിദ്യാഭ്യാസവും നൈപുണ്യവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ നേതൃത്വം നല്കി. വൈകിട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂര്‍ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാഭ്യാസവും മാനസികാരോഗ്യവും, ഡിജിറ്റല്‍ വിദ്യാഭ്യാസവും നൈപുണ്യവികസനവും, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സമാപനസമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: