തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധിയുടെ കാലത്തും സര്‍ഗ്ഗാത്മകത നിലനിര്‍ത്തണമെന്നും സാങ്കേതിക ഉപയോഗിച്ച് സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിച്ച് മുന്നോട്ടുപോകണമെന്നും കേന്ദ്രവിദേശകാര്യ സഹകമന്ത്രി വി.മുരളീധരന്. ജന്മഭൂമി വിജ്ഞാനോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിവുകളോട് നീതിപുലര്‍ത്താനും ലോകത്തെവിടെപ്പോയാലും വിജയിക്കാന്‍ കഴിയുന്ന കഴിവുകള്‍ സ്വായത്തമാക്കാനുമാകണം വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. ഇതിനനുസൃതമായ വിധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത്. വരുന്ന 25 വര്‍ഷം സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രയത്നത്തിലാണ് നാം. നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും ചരിത്രവുമെല്ലാം മനസിലാക്കാന്‍ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരന് സ്റ്റേഡിയത്തിലെ കൈയടിയിലല്ല മറിച്ച് പന്തിന്റെ ഗതിയിലാണ് ശ്രദ്ധയൂന്നി കളിക്കേണ്ടത്. അതുപോലെ വിദ്യാര്‍ത്ഥികള്‍ ചുറ്റുമുള്ള കാര്യങ്ങളില്‍ മയങ്ങിയാല്‍ ശ്രദ്ധ പതറുമെന്നും പഠനകാര്യങ്ങളിലും ഈ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവര സാങ്കേതിക വിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിദിനം സമയം അകലംപാലിക്കാനും സാങ്കേതിക രഹിതമാകാനും സാധിക്കണമെന്നും വി.മുരളീധരന് പറഞ്ഞു.
സ്വതന്ത്ര്യഭാരത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റിലെത്തിയ കാലം ഇപ്പോഴാണ്. പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയും കരുത്താണ്. റിപ്പബ്ലിക് ദിന പരേഡ് നയിക്കാനും യുദ്ധവിമാനം പറത്താനും വ്യോമാഭ്യാസം നടത്താനുമെല്ലാം ഇന്നത്തെ വനിതകള്‍ക്കാകുന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ നമ്മുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനംകൊള്ളുന്ന ഒരു തലമുറ എല്ലാരംഗങ്ങളിലും നേതൃത്വം വഹിക്കാന്‍ വളര്‍ന്നുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനികളാണെന്നും വീട്ടുകാരോടൊപ്പം സമൂഹത്തിനും നാടിനും ഇവരെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് സ്കില്‍ ഡവലപ്മെന്റ് സിഇഒ എം.വി.തോമസ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ചീഫ് സബ്എഡിറ്റര്‍ ആര്.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നുതലങ്ങളിലായി അയ്യായിരത്തോളം സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ജന്മഭൂമി നടത്തിയ മത്സരത്തില്‍ വിജയികള്ക്കായവര്ക്കാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. ആദ്യഘട്ടവും രണ്ടാംഘട്ടവും ഓണ്‍ലൈന്‍ ആയും കൂടുതല്‍ മികവു പുലര്‍ത്തിയവര്‍ക്ക് മൂന്നാംഘട്ടത്തില്‍ എഴുത്തുപരീക്ഷയുമാണ് നടത്തിയത്. ഹയര്‍സെക്കണ്ടറി, ഹൈസ്കൂള്‍, യുപി തലങ്ങളിലായിരുന്നു പരീക്ഷ. ഹയര്‍സെക്കണ്ടറിയില്‍ അനുഗ്രഹ്.വി.കെ(എറണാകുളം), അനുഗ്ര ജി നായര്‍(കാസര്‍കോട്), ദേവിക.എസ്(കണ്ണൂര്‍) എന്നിവരും ഹൈസ്കൂള്‍ തലത്തില്‍ അനന്യ പി.എസ്(തിരുവനന്തപുരം), വിസ്മയ.വി.എം(തൃശൂര്‍), വിഗ്നേഷ്(കൊല്ലം) എന്നിവരും യുപി തലത്തില്‍ കാര്‍ത്തിക്.പി(കോട്ടയം), ശ്രീലക്ഷ്മി.ഇ(കണ്ണൂര്‍), ആദിത്യ.കെ.ബി.തൃശൂര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെക്കൂടാതെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പങ്കാളികളാക്കിയ സ്കൂളുകള്‍ക്കും കേന്ദ്രമന്ത്രി സമ്മാനം വിതരണം ചെയ്തു. 368 കുട്ടികളെ പങ്കെടുപ്പിച്ച് മാലാപ്പറമ്പ് വേദവ്യാസ വിദ്യാലയവും 248 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയവും 211 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠവും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: