ന്യൂദല്‍ഹി: ‘ഇന്ത്യന്‍ ഔഷധം ഇന്ത്യന്‍ ചികിത്സാ ഉപകരണം 2023’ എന്ന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ എട്ടാമത് പതിപ്പ് ഈ മാസം 26ന് കേന്ദ്ര രാസവളം മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുമായി സഹകരിച്ച് ഔഷധ വകുപ്പാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ഔഷധം, ചികിത്സാ ഉപകരണ മേഖലയിലെ ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി ദേശീയ ചികിത്സാ ഉപകരണ നയം-2023, ചികിത്സാ ഉപകരണങ്ങള്‍ക്കുള്ള കയറ്റുമതി പ്രോത്സാഹന സമിതി എന്നിവയ്ക്കും തുടക്കം കുറിക്കും. പൊതു സൗകര്യങ്ങള്‍ക്കുളള ചികിത്സാ ഉപകരണ സംഘങ്ങള്‍ക്കുളള സഹായം എന്ന പേരില്‍ ഒരു പുതിയ പദ്ധതിയും ആരംഭിക്കും.
ചികിത്സാ ഉപകരണ സംഘങ്ങള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കുമായി പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക, പരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ലോകത്തിന്റെ ഔഷധ കേന്ദ്രം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ ഔഷധ മേഖല വരും വര്‍ഷങ്ങളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കും ആഗോള ആവശ്യങ്ങള്‍ക്കും കൂടുതല്‍ സംഭാവന നല്‍കുമെന്ന് ഡോ. മാണ്ഡവ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ ചികിത്സാ ഉപകരണ നയം-2023 ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്കി.
ഔഷധ, ചികിത്സാ ഉപകരണ വ്യവസായങ്ങളുടെ നൂറിലധികം സിഇഒമാര്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കും. ആ മേഖലകളില്‍ നിന്നുള്ള എഴുന്നൂറിലധികം പേരും സമ്മേളനത്തില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: