Categories: Kerala

പിണറായിയെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കാത്തത് രാഷ്‌ട്രീയമര്യാദയില്ലായ്മ; പിന്നില്‍ കേരളത്തില്‍ നിന്നുള്ള പാഷാണം വര്‍ക്കിയെ പോലുള്ള നേതാവെന്ന് എ.കെ.ബാലന്‍

'പാഷാണം വര്‍ക്കിയെ പോലെയുള്ള ചില നേതാക്കള്‍ ആണ് ഇതിന് പിന്നില്‍. ഞാന്‍ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കര്‍ണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വര്‍ക്കിമാരാണ് ഇതിന് പിന്നില്‍.'

Published by

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍.  ഇത് രാഷ്‌ട്രീയ മര്യാദയില്ലായ്മ ആണെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.  പിണറായി വിജയന്‍ ആരുടേയും മുന്നില്‍ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാലാണ് ക്ഷണിക്കാത്തത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും അയാളുടെ താത്പര്യമാണ് കേരളത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും എ കെ ബാലന്‍ ആരോപിച്ചു.

‘പാഷാണം വര്‍ക്കിയെ പോലെയുള്ള ചില നേതാക്കള്‍ ആണ് ഇതിന് പിന്നില്‍. ഞാന്‍ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കര്‍ണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വര്‍ക്കിമാരാണ് ഇതിന് പിന്നില്‍.’

അതേസമയം, നേരത്തെ വിമര്‍ശനവുമായി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധിക കാലം തുടരാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നും ആണ് ഇ പി ജയരാജന്‍ പറഞ്ഞത്. ദേശീയ രാഷ്‌ട്രീയത്തെ ശരിയായ നിലയില്‍ നിരീക്ഷിക്കാന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുള്ളതാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ എല്ലാ മതേതര ജനാധിപത്യ ശക്തികളേയും കൂട്ടിയോജിപ്പിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്ന് അവരുടെ ഈ നിലപാടുകളിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക