ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
യമദേവന്‍ സമ്മതഭാവത്തില്‍ തലയാട്ടി. ‘നിന്നില്‍ ഉറച്ചതായ ധാരണ അത്യുത്തമം തന്നെയാണ്. ശരി, കുഞ്ഞേ, നിനക്കിനി നിന്റെഭൗതികഗേഹത്തിലേയ്‌ക്ക്, ഭൂമിയിലേക്ക് മടങ്ങാന്‍ സമയമായി. എനിക്കും എന്നില്‍ നിക്ഷിപ്തമായ ദൈനംദിനകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുണ്ട്. ഇനിയും നിന്നില്‍ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍, വിടപറഞ്ഞുയാത്രയാകുന്നതിനു മുന്‍പേ, ഇപ്പോള്‍ചോദിക്കാം.
അവബോധത്തിന്റെ മഹത്തായ അനന്തവിഹായസ്സില്‍ നചികേതസ് എന്ന കുട്ടി സമ്മിശ്രവികാരങ്ങളില്‍കൂടി കടന്നുപോകുന്നുവെന്ന് അവബോധിക്കാനും എനിക്കായി. ഗുരുവിന്റെ സവിധത്തില്‍നിന്നും പോകണമെന്നുള്ള കാര്യം എന്നില്‍ വിഷാദമുണ്ടാക്കി. ഒരുപക്ഷേ ഇനിയൊരിക്കലും ആ ഗുരുദേവനെ കാണാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ എന്റെ പിതാവിന്റെയടുത്തേയ്‌ക്ക്, സ്വന്തം വീട്ടിലേയ്‌ക്ക് തിരികെയെത്താനുള്ള ആകാംക്ഷയും എന്നിലുണ്ടായിരുന്നു. നചികേതസ് എന്ന വ്യക്തിയുടെ ഭാവിയെപ്പറ്റിയും എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. അതേസമയം, ഇക്കാര്യങ്ങളൊന്നും തന്നെ ഗൗരവമുള്ളവിഷയങ്ങളല്ല എന്നും ഞാനറിയുന്നു. ഇതെല്ലാംവിശാലദീപ്തമായ ബോധസമുദ്രത്തിലെ വന്നുംപോയുമിരിക്കുന്ന അലകള്‍ മാത്രം.’
ദയാപൂര്‍വ്വം എന്നെനോക്കി ഗുരുപറഞ്ഞു.’കുഞ്ഞേ, നചികേതസേ. എല്ലാം നല്ലതായി ഭവിക്കും. നിന്റെ നാമം തികച്ചും അന്വര്‍ത്ഥമാണ്. നചികേതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം, അന്തമില്ലാത്ത ഒരു കുരുക്കില്‍ക്കിടന്ന് ചുറ്റാന്‍ വേണ്ടിതന്റെ ഊര്‍ജം വൃഥാവ്യയം ചെയ്യാത്തവന്‍ എന്നാണല്ലോ. നീ മൂന്നാമതായി ചോദിച്ച വരം നിന്റെയീ നാമത്തിന് അനുയോജ്യം തന്നെ. മാത്രമല്ല, അത് നേടാനായിനീ ഏകാഗ്രചിത്തത്തോടെ പ്രയത്‌നിക്കുകയും ചെയ്തു. സംസാരിയാണ് അന്തമില്ലാത്ത മോഹവലയമെന്ന കുരുക്കില്‍ ചുറ്റിവട്ടം തിരിയുന്നത്. നീസംസാരിയല്ല. എങ്കിലും ഭൗതികലോകത്ത് ജീവിക്കുമ്പോള്‍ നിനക്ക് പലവിധങ്ങളായ വെല്ലുവിളികള്‍ നേരിടേണ്ടതായിവരും. എന്റെ സംഭാഷണത്തില്‍ നീ എന്നു പറയുന്നത് ഒരു സൗകര്യമെന്ന നിലയ്‌ക്കാണ്. നചികേതസെന്ന നിനക്ക്മാത്രം വേണ്ടിയല്ല ഞാനിതുപറയുന്നത് എന്നറിയാമല്ലോ. അമൂര്‍ത്തമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യം ഉള്ളപ്പോള്‍ നാം പരിപൂര്‍ണ്ണരാണ്. അത് പ്രത്യക്ഷത്തിലുള്ള ജീവാത്മാവ് അങ്ങനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അതാണ് സത്യം. ആ ശാശ്വതസത്യത്തിലാണ് നാം എപ്പോഴും സുദൃഢരായി വിരാജിക്കേണ്ടത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: